ആശാ വര്‍ക്കര്‍മാരുടെ സമരം: ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കോൺഗ്രസ്
Monday, March 10, 2025 11:05 AM IST
ന്യൂഡൽഹി: ഒരു മാസക്കാലമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിൽ ആശാ വർക്കർമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിവരുന്ന സമരം ലോക്സഭയിൽ ഉന്നയിക്കാൻ കോൺഗ്രസ്. വിഷയത്തിൽ കോൺഗ്രസ് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
ആശാ വർക്കർമാരുടെ മാന്യമായ ആവശ്യത്തിനായുള്ള സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. ആശമാരെ സ്ഥിരജീവനക്കാരായി പരിഗണിക്കുക, സേവന-വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.
അതേസമയം, പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമാകുന്ന ഇന്ന് മണിപ്പൂർ, വഖഫ് ബിൽ, ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കൽ, മണ്ഡല പുനർനിർണയം, വോട്ടർ പട്ടികയിലെ ക്രമക്കേട് തുടങ്ങിയവ ഉയർത്തി പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തും.