നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും
Monday, March 10, 2025 9:13 AM IST
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നതു കണക്കിലെടുത്തു കഴിഞ്ഞ നാലിനു പിരിഞ്ഞ നിയമസഭ ഇന്നു മുതല്‍ വീണ്ടും ചേരും. ചൊവ്വയും ബുധനും ചർച്ച തുടരും. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് 13, 14 തീയതികളിൽ സഭ ചേരില്ല. ബുധനാഴ്ചയ്ക്കു ശേഷം 17നാണ് സമ്മേളനം ചേരുക. 25ന് സമ്മേളനം സമാപിക്കും.
ബജറ്റിന്മേലുള്ള ധനാഭ്യർഥന ചർച്ചയും വോട്ടെടുപ്പും ഇന്നു നടക്കും. ചോദ്യോത്തര വേളയിൽ വിഴിഞ്ഞം പദ്ധതിയിലെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട്, മണിയാർ ജലവൈദ്യുത പദ്ധതിയുടെ കരാർ നീട്ടൽ വിഷയങ്ങളും ഇന്ന് സഭയിൽ വരും.
സബ്ജക്ട് കമ്മിറ്റിക്കുവിട്ട സ്വകാര്യ സർവകലാശാലാ ബിൽ, വയോജന കമ്മിഷൻ ബിൽ എന്നിവ നടപ്പുസമ്മേളനത്തിൽ പാസാക്കും. സംസ്ഥാന സ്പോർട്സ് ഭേദഗതി ബില്ലും സഭ ചർച്ചയ്ക്കെടുക്കും. പൊതുസർവകലാശാലകളുമായി ബന്ധപ്പെട്ട ബില്ലിന്റെ രണ്ടാം ഭാഗം ഈ മാസം 20ന് അവതരിപ്പിക്കും.
അതേസമയം, വിവിധ ക്ഷേമനിധി ബോർഡുകളിലെ കുടിശിക മൂലം ക്ഷേമപ്രവർത്തനങ്ങൾ തടസപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയേക്കും.