കലാശപ്പോരിൽ കിവീസിനെ തകർത്തു; ചാന്പ്യൻസ് ട്രോഫി കിരീടം നേടി ഇന്ത്യ
Sunday, March 9, 2025 9:48 PM IST
ദുബായ്: ഐസിസി ചാന്പ്യൻസ് ട്രോഫി കിരീടം നേടി ഇന്ത്യ. ഫൈനിൽ ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടം നേടിയത്. ഇതോടെ ചാന്പ്യൻസ് ടോഫിയിൽ ഇന്ത്യയുടെ കിരീടങ്ങളുടെ എണ്ണം മൂന്നായി. 2002ലും 2013ലും ഇന്ത്യ ചാന്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയിരുന്നു.
ഫൈനലിൽ ന്യൂസിലൻഡ് ഉയർത്തിയ 252 വിജയലക്ഷ്യം ഒരോവർ ശേഷിക്കെ ഇന്ത്യ മറികടന്നു.നായകൻ രോഹിത് ശർമയുടേയും ശ്രേയസ് അയ്യരുടേയും കെ.എൽ രാഹുലിന്റെയും ഇന്നിംഗ്സുകളാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്.
76 റൺസെടുത്ത രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഏഴ് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്. ശ്രേയസ് അയ്യർ 48 റൺസും കെ.എൽ രാഹുൽ 34 റൺസും എടുത്തു.
31 റൺസ് നേടിയ ശുഭ്മാൻ ഗില്ലും 29 റൺസെടുത്ത അക്സർ പട്ടേലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ന്യൂസിലൻഡിന് വേണ്ടി മിച്ചൽ സാന്റ്നറും മൈക്കൽ ബ്രെയ്സ്വെല്ലും രണ്ട് വിക്കറ്റ് വീതം എടുത്തു. രച്ചിൻ രവീന്ദ്രയും കൈൽ ജാമീസണും ഓരോ വിക്കറ്റ് വീതവും എടുത്തു.
ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് - ശുഭ്മാന്‍ ഗില്‍ സഖ്യം 105 റണ്‍സ് ചേര്‍ത്തു. 19-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഗ്ലെന്‍ ഫിലിപ്സിന്റെ ഒരു തകര്‍പ്പന്‍ ക്യാച്ചാണ് ഗില്ലിന് പുറത്തേക്കുള്ള വഴി തെളിയിച്ചത്. സാന്റ്നര്‍ക്കായിരുന്നു വിക്കറ്റ്.
കോലി നേരിട്ട രണ്ടാം പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മൈക്കല്‍ ബ്രേസ്വെല്ലിന്റെ പന്തില്‍ മടങ്ങുകയായിരുന്നു താരം. പിന്നാലെ രോഹിത് ശര്‍മയും മടങ്ങി. രചിന് രവീന്ദ്രയുടെ പന്തില്‍ ക്രീസ് വിട്ട് അടിക്കാനുള്ള ശ്രമത്തില്‍ രോഹിത് പരാജയപ്പെട്ടു. വിക്കറ്റ് കീപ്പര്‍ ടോം ലാതം സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു രോഹിത്തിനെ.
ശ്രേയസ് അയ്യരുടേയും അക്സർ പട്ടേലിന്റെയും ഹാർദിക് പാണ്ഡ്യയുടേയും വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. എന്നാൽ കെ. എൽ രാഹുൽ ഒരറ്റത്ത് നിന്നത് ഇന്ത്യക്ക് ഗുണം ചെയ്തു. 49-ാം ഓവറിന്റെ അവസാന പന്തില്‍ ഫോറടിച്ച് രവീന്ദ്ര ജഡേജ (9) ഇന്ത്യക്ക് വിജയം സമ്മാനിച്ചു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 251 റൺസ് എടുത്തത്. ഡാരൽ മിച്ചലിന്റെയും മൈക്കിൽ ബ്രെയ്സ്വെല്ലിന്റെയും രച്ചിൻ രവീന്ദ്രയുടേയും ഗ്ലെൻ ഫിലിപ്പ്സിന്റെയും മികവിലാണ് ഭേദപ്പെട്ട സ്കോർ കിവീസ് എടുത്തത്. 63 റൺസെടുത്ത മിച്ചലാണ് ടോപ്സ്കോറർ. 101 പന്തിൽ മൂന്ന് ബൗണ്ടറി അടങ്ങുന്നതായിരുന്നു മിച്ചലിന്റെ ഇന്നിംഗസ്.
ബ്രെയ്സ്വെൽ 53 റൺസ് എടുത്തു. രച്ചിൻ രവീന്ദ്ര 37 റൺസും ഗ്ലെൻ ഫിലിപ്പ്സ് 34 റൺസുമാണ് എടുത്തത്. മികച്ച തുടക്കം കിട്ടിയിട്ടും വന്പൻ സ്കോറിലേക്കെത്താൻ ന്യൂസിലൻഡിന് സാധിച്ചില്ല. മിച്ചലും ഫിലിപ്പ്സും ചേർന്നുള്ള അഞ്ചാം വിക്കറ്റ് സഖ്യമാണ് കിവീസിനെ പൊരുതാവുന്ന സ്കോറിലേക്കെത്തിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തിയും കുൽദീപ് യാദവും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം എടുത്തു. ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്റ്നർ റണൗട്ടായി.
ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ഐസിസി ട്രോഫി വിജയമാണിത്. കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിലും ഇന്ത്യയാണ് ചാന്പ്യൻമാരായത്. ടൂർണമെന്റിലെ ഒരു മത്സരവും തോൽക്കാതെയാണ് ഇന്ത്യ കിരീടം നേടിയത്.