ചാന്പ്യൻസ് ട്രോഫി ഫൈനൽ: ഇന്ത്യയ്ക്ക് 252 റൺസ് വിജയലക്ഷ്യം
Sunday, March 9, 2025 5:59 PM IST
ദുബായ്: ഐസിസി ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് 252 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 251 റൺസ് എടുത്തത്.
ഡാരൽ മിച്ചലിന്റെയും മൈക്കിൽ ബ്രെയ്സ്വെല്ലിന്റെയും രച്ചിൻ രവീന്ദ്രയുടേയും ഗ്ലെൻ ഫിലിപ്പ്സിന്റെയും മികവിലാണ് ഭേദപ്പെട്ട സ്കോർ കിവീസ് എടുത്തത്. 63 റൺസെടുത്ത മിച്ചലാണ് ടോപ്സ്കോറർ. 101 പന്തിൽ മൂന്ന് ബൗണ്ടറി അടങ്ങുന്നതായിരുന്നു മിച്ചലിന്റെ ഇന്നിംഗസ്.
ബ്രെയ്സ്വെൽ 53 റൺസ് എടുത്തു. രച്ചിൻ രവീന്ദ്ര 37 റൺസും ഗ്ലെൻ ഫിലിപ്പ്സ് 34 റൺസുമാണ് എടുത്തത്. മികച്ച തുടക്കം കിട്ടിയിട്ടും വന്പൻ സ്കോറിലേക്കെത്താൻ ന്യൂസിലൻഡിന് സാധിച്ചില്ല. മിച്ചലും ഫിലിപ്പ്സും ചേർന്നുള്ള അഞ്ചാം വിക്കറ്റ് സഖ്യമാണ് കിവീസിനെ പൊരുതാവുന്ന സ്കോറിലേക്കെത്തിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തിയും കുൽദീപ് യാദവും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം എടുത്തു. ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്റ്നർ റണൗട്ടായി.