ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ഉൽഫത്ത് ഹുസൈൻ പിടിയിൽ
Sunday, March 9, 2025 9:09 AM IST
ലക്നോ: പിടികിട്ടാപ്പുള്ളിയായ ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ഉൽഫത്ത് ഹുസൈൻ പിടിയിൽ. യുപി സഹരൻപൂരിലെ ആന്റി ടെററിസ്റ്റ് സ്ക്വാഡും(എടിഎസ്) ജമ്മുകാഷ്മീരിലെ കാത്ഗഡ് പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇയാൾ കാഷ്മീരിലെ പൂഞ്ച് ജില്ലയിൽനിന്നും പിടിയിലായത്. ഇയാളുടെ പക്കൽനിന്നും ഡിറ്റണേറ്ററുകൾ, സ്ഫോടകവസ്തുക്കൾ, പിസ്റ്റളുകൾ എന്നിവ കണ്ടെടുത്തു.
2002-ൽ മറ്റ് നാല് പേർക്കൊപ്പം ഉൽഫത്ത് ഹുസൈനെ പോലീസ് പിടികൂടിയിരുന്നു. തുടർന്ന് 2008-ൽ വിട്ടയച്ചു. എന്നാൽ സമൻസും വാറണ്ടും പുറപ്പെടുവിച്ചിട്ടും ഇയാൾ കോടതിയിൽ ഹാജരായിരുന്നില്ലെന്ന് പോലീസ് സൂപ്രണ്ട് (എസ്പി) രൺവിജയ് സിംഗ് പറഞ്ഞു.
ഇയാളെ കുറിച്ച് വിവരം കൈമാറുന്നവർക്ക് പോലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ഇയാൾക്കെതിരെ 50 വർഷത്തേക്ക് സ്ഥിരമായ വാറണ്ട് പുറപ്പെടുവിച്ചു. കേസിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.