ബസ് ജീവനക്കാരുടെ മർദനമേറ്റ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു
Friday, March 7, 2025 12:20 PM IST
മലപ്പുറം: കോഡൂരിൽ ബസ് ജീവനക്കാരുടെ മർദനമേറ്റ ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്. ബസ് ജീവനക്കാരുമായുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ അബ്ദുൾ ലത്തീഫിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
രാവിലെ പത്തിനായിരുന്നു സംഭവം. ബസ് കാത്തുനിൽക്കുന്ന യാത്രക്കാരെ ഓട്ടോയിൽ കയറ്റിക്കൊണ്ടു പോകുന്നത് ബസ് ജീവനക്കാർ ചോദ്യം ചെയ്തതോടെയാണ് സംഘർഷം ഉടലെടുത്ത്.
ബസ് കാത്തുനിന്ന മൂന്ന് സ്ത്രീകളെ അബ്ദുൾ ലത്തീഫ് ഓട്ടോയിൽ കയറ്റികൊണ്ടുപോയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ബസ് ജീവനക്കാർ ഓട്ടോ തടഞ്ഞ് ഇയാളെ മർദിക്കുകയായിരുന്നു.
ബസ് ജീവനക്കാരെയും ബസും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം മലപ്പുറം താനൂരിലും സമാനമായ സംഭവം ഉണ്ടായിരുന്നു.