ഏറ്റുമാനൂർ കൂട്ട ആത്മഹത്യ: ഷൈനിയും മക്കളും വീടുവിട്ടിറങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചു
Friday, March 7, 2025 12:10 PM IST
ഏറ്റുമാനൂര്‍: പാറോലിക്കലില്‍ അമ്മയും രണ്ടു പെണ്മക്കളും റെയില്‍പാളത്തില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഷൈനിയും മക്കളായ അലീനയും ഇവാനയും ആത്മഹത്യക്കായി വീട്ടില്‍നിന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
ഫെബ്രുവരി 28ന് പുലര്‍ച്ചെ 4.44നാണ് ഇവര്‍ വീട്ടില്‍നിന്നിറങ്ങിയത്. വീടിന്റെ സിറ്റൗട്ടില്‍നിന്ന് മുറ്റത്തേക്കിറങ്ങുമ്പോള്‍ ഇളയ കുട്ടി ഇവാന മടിച്ചുനില്ക്കുന്നതു കാണാം. ഷൈനിയും അലീനയും ചേര്‍ന്നു പുറത്തേക്കുകൊണ്ടുവരുന്ന ഇവാന റോഡില്‍വച്ച് പിന്നോട്ടുനില്ക്കുമ്പോള് ഷൈനി കുട്ടിയുടെ കൈയില്‍ പിടിച്ച് ഒപ്പം ചേര്‍ക്കുന്നതും മൂന്നുപേരും കൂടി മുന്നോട്ടു പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
എന്നാല്‍ പിന്നീട് ജീവനൊടുക്കാനുള്ള തീരുമാനത്തില്‍ മൂന്നു പേരും ഉറച്ചുനിന്നുവെന്നു വേണം കരുതാന്‍. ജീവനൊടുക്കാനായി ട്രാക്കില്‍ നിന്നിരുന്ന ഇവരെ ഭയപ്പെടുത്തി പിന്മാറ്റാനായി തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയിട്ടും മൂന്നു പേരും പിന്മാറാതെ പരസ്പരം കെട്ടിപ്പിടിച്ച് നില്‍ക്കുകയായിരുന്നുവെന്ന് ട്രെയിനിന്റെ ലോക്കോ പൈലറ്റ് മൊഴിനല്‍കിയിരുന്നു.
ഷൈനിയെ ആത്മഹത്യയിലേക്ക് നയിച്ചത് കടുത്ത മാനസിക സമ്മര്‍ദ്ദമെന്നു വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്തു വന്നിരുന്നു. മരണത്തിനു ദിവസങ്ങള്‍ക്കു മുമ്പ് ഷൈനി സുഹൃത്തിനോടു സംസാരിക്കുന്ന ശബ്ദസന്ദേശമാണു പുറത്തുവന്നത്. എത്ര ശ്രമിച്ചിട്ടും ജോലി ലഭിക്കാത്തതും വിവാഹമോചനത്തോട് ഭര്‍ത്താവ് നോബി ലൂക്കോസ് സഹകരിക്കാത്തതും ഷൈനിയെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നെന്ന് ശബ്ദസന്ദേശത്തില്‍ വ്യക്തമാണ്.
നാട്ടില്‍ ജോലിയൊന്നും കിട്ടുന്നില്ല. കുറെ തപ്പി. എവിടെയെങ്കിലും കിട്ടിയിരുന്നെങ്കില്‍ പിള്ളേരെ വല്ല ഹോസ്റ്റലിലും നിര്‍ത്തിയിട്ട് പോകാമായിരുന്നു. ഒരു വര്‍ഷം എക്സ്പിരിയന്‍സ് ആയ ശേഷം എങ്ങോട്ടെങ്കിലും പോകാമായിരുന്നു എന്നാണ് ജോലിസംബന്ധമായി ശബ്ദസന്ദേശത്തില്‍ പറയുന്നത്.
എവിടെയെങ്കിലും ജോലിക്ക് നീയൊന്നു ശ്രമിക്കാമോ എന്ന് ഷൈനി സുഹൃത്തിനോട് ചോദിക്കുന്നുമുണ്ട്. കുടുംബ കോടതിയില്‍ കൊടുത്തിരിക്കുന്ന വിവാഹമോചനക്കേസിനോട് നോബി സഹകരിക്കാത്തത് ഷൈനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
ഫെബ്രുവരി 17 ന് കോടതിയില്‍ വിളിച്ചിരുന്നു. അന്ന് പുള്ളി വന്നില്ല. പുള്ളി നാട്ടില്‍ വന്നിട്ടുണ്ട്. എന്നിട്ടും വന്നില്ല. ലെറ്റര്‍ കൈപ്പറ്റുന്നില്ല. ഇപ്പോള്‍ നാലു പ്രാവശ്യമായി. റീസണ്‍ എന്തന്നൊന്നും എനിക്കറിയത്തില്ല. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ഇതിങ്ങനെ നീണ്ടു പോകുന്നു.
ഏപ്രില്‍ ഒന്‍പതിനാണ് അടുത്ത ഡേറ്റ്. അന്നും വരുന്നില്ലെങ്കില്‍ എന്തു ചെയ്യുമെന്ന് അറിയില്ല. ഇതുനീണ്ടു പോകുന്ന പരിപാടിയാ. എത്ര നാളായി ഇങ്ങനെ നില്ക്കാന് തുടങ്ങിയിട്ട് എന്നാണ് ഷൈനി കൂട്ടുകാരിയോടു പറയുന്നത്.