കേബിൾ കഴുത്തിൽ കുടുങ്ങി നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; അച്ഛനും മകനും പരിക്ക്
Friday, March 7, 2025 12:10 PM IST
പാലക്കാട്: വൈദ്യുതി കേബിൾ കഴുത്തിൽ കുടുങ്ങിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. പാലക്കാട് കുളപ്പുള്ളി കാതുവീട്ടിൽ മദൻ മോഹൻ (56) മകൻ അനന്തു (27) എന്നിവർക്കാണ് പരിക്കേറ്റത്.
മദൻ മോഹന് കഴുത്തിനും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റു. അനന്തുവിന് കൈക്കും കാലിനും പരുക്കേുണ്ട്. ഇരുവരെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷൊർണൂർ കുളപ്പുള്ളി യുപി സ്കൂളിന് സമീപം ഇന്ന് പുലർച്ചെ 5.15 നാണ് സംഭവം. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് മകനെയും കൂട്ടി വീട്ടിലേക്ക് വരുന്നതിനിടെ താഴ്ന്ന കിടക്കുന്ന കേബിൾ മദൻ മോഹന്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു. ഇതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം.