മൂന്നാറിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകണം; മൃഗസ്നേഹികളുടെ സംഘടന ഹൈക്കോടതിയിൽ
Friday, March 7, 2025 11:47 AM IST
ഇടുക്കി: മൂന്നാറിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികളുടെ സംഘടന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചു. വാക്കിംഗ് ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്വക്കസി എന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസ് ഈ മാലം പത്തിന് കോടതി പരിഗണിക്കും. അതേസമയം പരിക്കേറ്റ ആനയെ വിശദമായി നിരീക്ഷിക്കുന്നതിന് വെറ്റിനറി ഡോക്ടർമാരുടെ സംഘം ശനിയാഴ്ച മൂന്നാറിൽ എത്തും.
ഒരു മാസം മുമ്പാണ് ഒറ്റക്കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാനയും പടയപ്പ എന്ന് വിളിക്കുന്ന കാട്ടാനയും തമ്മിൽ മൂന്നാറിന് സമീപം കല്ലാറിലെ മാലിന്യ പ്ലാന്റിൽ വച്ച് ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ ഒറ്റക്കൊമ്പന് വലത് മുൻ കാലിന്റെ മുട്ടിനു മുകളിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
തുടർന്ന് വനംവകുപ്പിന്റെ ആർആർടി സംഘം ആനയെ നിരീക്ഷിച്ചു വരുന്നതിനിടയിലാണ് മൃഗസ്നേഹികളുടെ സംഘടന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്.