കൊല്ലത്തെ ചുവപ്പിച്ച സിപിഎമ്മിന് മൂന്നര ലക്ഷം പിഴ
Friday, March 7, 2025 11:19 AM IST
കൊല്ലം: സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിൽ കൊടിയും ഫ്ലക്സും സ്ഥാപിച്ച സിപിഎമ്മിന് കോർപറേഷന്റെ പിഴ. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് കൊല്ലം കോർപറേഷൻ സെക്രട്ടറി നോട്ടീസ് നൽകി.
സംസ്ഥാന സമ്മേളനത്തിനായി 20 ഫ്ലക്സ് ബോർഡുകളും 2500 കൊടിയും കെട്ടിയതിനാണ് പിഴ. ഫീസ് അടച്ച് നിയമാനുസൃതം ഫ്ലക്സ് സ്ഥാപിക്കാൻ സിപിഎം അനുമതി തേടിയിരുന്നു. എന്നാൽ സിപിഎം നേതൃത്വം അപേക്ഷ നൽകിയെങ്കിലും കോർപറേഷൻ തീരുമാനമെടുത്തില്ല.
കാഴ്ച മറയ്ക്കാതെയും ഗതാഗത തടസമില്ലാതെയും നടപ്പാത കൈയേറാതെയും ഫ്ലക്സ് ബോർഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.
ഫ്ലക്സ് ബോര്‍ഡിലും കൊടിതോരണങ്ങള്‍ ഉപയോഗിക്കുന്നതിലും ഹൈക്കോടതി വ്യാഴാഴ്ച വിമര്‍ശിച്ചിരുന്നു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്നും കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു.