മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നു; പ്രാര്‍ഥനകള്‍ക്ക് നന്ദി അറിയിച്ചുള്ള സന്ദേശം പുറത്ത്
Friday, March 7, 2025 11:14 AM IST
റോം: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി. നിലവിൽ ശ്വാസതടമില്ലെന്നു വത്തിക്കാൻ വ്യക്തമാക്കി. എന്നാൽ ശ്വാസകോശ അണുബാധയ്ക്കുള്ള ചികിത്സ തുടരും.
പകല്‍ ഓക്സിജന്‍ മാസ്ക് ഉപയോഗിക്കുന്ന മാര്‍പാപ്പയ്ക്ക് രാത്രി മാത്രമാണിപ്പോള്‍ വെന്റിലേറ്ററിന്റെ സഹായം നല്‍കുന്നത്.
പ്രാർഥിച്ചവർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മാർപാപ്പയുടെ ഓഡിയോ സന്ദേശം വത്തിക്കാൻ പുറത്തുവിട്ടു. "സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നിന്ന് എന്റെ ആരോഗ്യത്തിനായി നിങ്ങൾ അർപ്പിക്കുന്ന പ്രാർഥനകൾക്ക് ഞാൻ പൂർണഹൃദയത്തോടെ നന്ദി പറയുന്നു. ഇവിടെ നിന്ന് ഞാൻ നിങ്ങളോടൊപ്പം വരുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, കന്യകാമാതാവ് നിങ്ങളെ സംരക്ഷിക്കട്ടെ. നന്ദി.'- മാർപാപ്പ പറയുന്നു.
ഫെബ്രുവരി 14നാണ് റോമിലെ ജെമെല്ലി ആശുപത്രിയില്‍ മാർപാപ്പയെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പരിശോധനകള്‍ നടത്തിയപ്പോഴാണ് ശ്വാസകോശത്തില്‍ കടുത്ത അണുബാധയുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ മാർപാപ്പയുടെ നില അതീവ ഗുരുതരമായിരുന്നു.