ആധാരമെഴുത്തുകാരനെ കൊലപ്പെടുത്താന്‍ ശ്രമം; പിതാവും മകനും അറസ്റ്റിൽ
Friday, March 7, 2025 4:26 AM IST
തൃശൂര്‍: ആധാരമെഴുത്തുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. കൂരിക്കുഴി സ്വദേശിയായ തെക്കിനിയേടത്ത് വീട്ടില്‍ ഗോള്‍ഡന്‍ എന്ന് വിളിക്കുന്ന സതീശന്, മകന് മായപ്രയാഗ് എന്നിവരാണ് പിടിയിലായത്.
കൈപ്പമംഗലം കൊപ്രക്കളത്ത് ആധാരം എഴുത്ത് സ്ഥാപനം നടത്തുന്ന കാളമുറി സ്വദേശിയായ മമ്മസ്രയില്ലത്ത് വീട്ടില്‍ സഗീറിനെ സ്ഥാപനത്തില്‍ കയറി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. പ്രതികൾ സ്ഥലം വിൽക്കുന്നതിനായി ആധാരം എഴുത്തുകാരനെ സമീപിച്ചിരുന്നു.
എന്നാൽ ഇവരുടെ സ്ഥലത്തിന്റെ ആധാരത്തിലെ അപാകതകൾ വസ്തു വാങ്ങാമെന്ന് സമ്മതിച്ചിരുന്ന ബിജീഷിനെ അറിയിച്ചതിലുള്ള വൈരാഗ്യത്താലാണ് പ്രതികൾ ആക്രമണം നടത്തിയത്.