പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; അഞ്ച് പേർ പിടിയിൽ
Friday, March 7, 2025 12:59 AM IST
മുംബൈ: മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അഞ്ച് പേർ അറസ്റ്റിൽ. മുംബൈയിലെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിലെ ജോഗേശ്വരിയിലാണ് സംഭവം.
12കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. മാതാപിതാക്കളുമായി വഴക്കിട്ട് വീട്ടിൽ നിന്നുമിറങ്ങിയ പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു.
ഫെബ്രുവരി 27ന് പുലർച്ചെ ദാദർ റെയിൽവേ സ്റ്റേഷനിൽ ഒറ്റയ്ക്കിരിക്കുകയായിരുന്ന കുട്ടിയെ റെയിൽവേ പോലീസ് ആണ് ആദ്യം കണ്ടത്. പോലീസ് കുട്ടിയോട് വിവരം തിരക്കിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. പിന്നീടാണ് കുട്ടി സംഭവത്തെക്കുറിച്ച് പോലീസിനോട് പറഞ്ഞത്.
ഫെബ്രുവരി 24ന് മാതാപിതാക്കളുമായി വഴക്കിട്ട ശേഷം താൻ വീട് വിട്ടിറങ്ങിയിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. തുടർന്ന് പ്രദേശത്ത് താമസിക്കുന്ന ഒരാൾ അയാളുടെ വീട്ടിലേക്ക് തന്നെ കൊണ്ടുപോയി. അവിടെ നാല് പേർ കൂടി ഉണ്ടായിരുന്നെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.
അഞ്ച് പേരും തന്നെ പീഡിപ്പിച്ചുവെന്നും പിന്നീട് ദാദർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കുകയുമായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ (പോക്സോ) നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത പ്രകാരവും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികൾക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
മാർച്ച് രണ്ടിന് അഞ്ച് പേരെയും അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾ പോലീസ് കസ്റ്റഡിയിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.