സ്വന്തം രാജ്യത്തേക്ക് ബോംബ് വര്‍ഷിച്ച് ദക്ഷിണ കൊറിയ; 15 പേര്‍ക്ക് പരിക്ക്
Thursday, March 6, 2025 11:45 PM IST
സോള്‍: യുഎസ് - ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിനിടെ സ്വന്തം രാജ്യത്തേക്ക് ബോംബുകള്‍ വര്‍ഷിച്ച് ദക്ഷിണ കൊറിയന്‍ യുദ്ധവിമാനങ്ങള്‍. പോച്ചിയോണില്‍ നടന്ന സൈനിക അഭ്യാസത്തിനിടെയാണ് ബോംബുകള്‍ വര്‍ഷിച്ചത്.
സ്ഫോടനത്തില്‍ 15 പേര്‍ക്കു പരിക്കേറ്റെന്നും രണ്ടു പേര് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നും അധികൃതർ പറഞ്ഞു. പ്രാദേശിക സമയം രാവിലെ പത്തിനാണ് 2 കെഎഫ്16 യുദ്ധവിമാനങ്ങളില്‍നിന്നു എട്ടു ബോംബുകള്‍ പോച്ചിയോണ്‍ നഗരത്തിലെ കെട്ടിടങ്ങള്‍ക്കു മുകളിലേക്കു പതിച്ചത്.
സ്ഫോടനത്തില്‍ രണ്ടു കെട്ടിടങ്ങളും ആരാധനാലയത്തിന്റെ ഭാഗവും ട്രക്കും തകര്‍ന്നു. സിയോളില്‍ നിന്ന് 40 കിലോമീറ്റര്‍ വടക്കുകിഴക്കായി ഉത്തരകൊറിയ അതിര്‍ത്തിക്കടുത്താണ് പോച്ചിയോണ്‍ നഗരം.