വെഞ്ഞാറമൂട് കൂട്ടക്കൊല; അഫ്സാന്റെ മരണവിവരം അറിഞ്ഞ് പൊട്ടിക്കരഞ്ഞ് ഷെമി
Thursday, March 6, 2025 5:40 PM IST
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ ഇളയമകന് അഫ്സാന്റെ മരണവിവരം ചികിത്സയിലിരിക്കുന്ന മാതാവ് ഷെമിയെ അറിയിച്ചു. സംഭവം നടന്ന് 11-ാം ദിനമാണ് മരണവിവരം മാതാവിനെ അറിയിക്കുന്നത്.
ഭര്‍ത്താവ് റഹീമിന്റെ സാന്നിധ്യത്തില്‍ സൈക്യാട്രി ഡോക്ടര്‍മാരടക്കമുള്ള സംഘമാണ് അഫ്സാൻ മരിച്ച കാര്യം ഷെമിയെ അറിയിച്ചത്. അഫ്സാന് ജീവനോടെയില്ലെന്ന വിവരമറിഞ്ഞ് ആശുപത്രികിടക്കയില്‍ ഷെമി പൊട്ടിക്കരഞ്ഞു.
ഇളയമകന് എവിടെയാണെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള ഷെമി കഴിഞ്ഞ ദിവസങ്ങളിലെല്ലാം നിരന്തരം ചോദിച്ചിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ മരണവിവരം ഷെമിയെ അറിയിക്കാമെന്ന് ബന്ധുക്കളും ഡോക്ടര്‍മാരും തീരുമാനിക്കുകയായിരുന്നു.
ഇതനുസരിച്ചാണ് ആശുപത്രിയിലെ മനോരോഗ വിദഗ്ധര്‍ മരണ വിവരം ഷെമിയെ അറിയിച്ചത്. എന്നാല്‍ എങ്ങനെയാണ് മരിച്ചതെന്നോ അഫാനാണ് കൊലപ്പെടുത്തിയതെന്ന കാര്യമോ മറ്റുവിശദാംശങ്ങളോ ഷെമിയോട് പറഞ്ഞിട്ടില്ല.
ഫെബ്രുവരി 24ന് ആയിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന് ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന് അഹ്സാന്, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന് കൊലപ്പെടുത്തിയത്.