പൂരത്തിനിടെ യുവാവിന്റെ നെഞ്ചില്‍ ചെണ്ടക്കോല് കുത്തിയിറക്കിയ സംഭവം; പ്രതി പിടിയില്‍
Thursday, March 6, 2025 3:29 PM IST
പാലക്കാട്: ചാലിശേരി പൂരത്തിനിടെ യുവാവിന്റെ നെഞ്ചില്‍ ചെണ്ടക്കോല് കുത്തിയിറക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. തുറയ്ക്കല്‍ വീട്ടില്‍ റിഖാസ് ആണ് പിടിയിലായത്.
ശ്രീനാഖ് എന്നയാള്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. രണ്ട് ആഘോഷകമ്മിറ്റികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ശ്രീനാഖിനെ റിഖാസ് ചെണ്ടക്കോല് കൊണ്ട് മര്‍ദിക്കുകയായിരുന്നു.
പിന്നാലെ ചെണ്ടക്കോല് നെഞ്ചിലേക്ക് കുത്തിയിറക്കി. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീനാഖ് ചികിത്സയിലാണ്. നിരവധി കേസുകളില്‍ പ്രതിയായ റിഖാസിന് പൂരത്തിന് എത്താന്‍ വിലക്കുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് ഇയാള്‍ എത്തിയതെന്ന് പോലീസ് അറിയിച്ചു.