പിണറായിയുടെ സംഘപരിവാര്‍ പ്രീണനത്തില്‍ മനംമടുത്ത പ്രവര്‍ത്തകരാണ് ബിജെപിയിലേക്ക് മാറുന്നതെന്ന് സുധാകരൻ
Thursday, March 6, 2025 3:00 PM IST
തിരുവനന്തപുരം: സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘപരിവാര്‍ പ്രീണനത്തില്‍ മനംമടുത്ത പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇപ്പോള്‍ ബിജെപിയിലേക്ക് അടപടലം മാറിക്കൊണ്ടിരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരന് എംപി.
പാര്‍ട്ടി വോട്ട് ബിജെപിക്ക് മറിയുന്നുവെന്ന സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അതീവ ഗുരുതരമാണ്. ബിജെപിയുമായുള്ള പിണറായി വിജയന്റെയും പാര്‍ട്ടിയുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള ബന്ധം പാര്‍ട്ടി അണികളില്‍ ഉണ്ടാക്കിയ അണപൊട്ടിയ രോഷമാണ് സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് ഒഴുകാനുള്ള സാഹചര്യം ഉണ്ടാക്കിയത്.
ബിജെപിയുമായി ഒത്തുതീര്‍പ്പുണ്ടാക്കി മുന്നോട്ടുപോകുന്നതിനേക്കാള്‍ ഭേദമല്ലേ ആ പാര്‍ട്ടിയിലേക്കു പോകുന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചിന്തിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ എന്നും സുധാകരൻ ചോദിച്ചു.
വര്‍ഗീയ കാര്‍ഡിറക്കിയുള്ള പിണറായി വിജയന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തോടും പ്രവര്‍ത്തകരില്‍ വലിയ പ്രതിഷേധമുണ്ട്. ഒരു തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ കാര്‍ഡ് ഇറക്കിയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ കാര്‍ഡിറക്കും.
സ്വന്തം വിശ്വാസ്യതയും പാര്‍ട്ടിയുടെ വിശ്വാസ്യതയും ഇല്ലാതാക്കിയ നേതാവാണ് പിണറായി വിജയന്. കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി സഖ്യകക്ഷികളെ തേടി നടന്ന ബിജെപിക്ക് കേരളത്തില്‍ കിട്ടിയ ഏറ്റവും വിശ്വസ്തനായ പാര്‍ട്ട്ണറാണ് സിപിഎം. 11 പാര്‍ട്ടികളുള്ള ഇടതുമുന്നണിയിലെ പന്ത്രണ്ടാമത്തെ അനൗദ്യോഗിക പാര്‍ട്ടിയാണ് ബിജെപിയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.