നാലാംദിനവും മുന്നോട്ടുതന്നെ; സ്വർണവില വീണ്ടും റിക്കാർഡിനരികെ
Thursday, March 6, 2025 12:31 PM IST
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ നാലാംദിനവും സ്വർണവിലയിൽ വർധന. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,060 രൂപയിലും പവന് 64,480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് അഞ്ചുരൂപ ഉയർന്ന് 6,635 രൂപയിലെത്തി.
ഫെബ്രുവരി 25 ന് സ്വർണവില പവന് 64,600 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ എത്തിയിരുന്നു. തുടർന്ന് വില കുറയുന്നതാണ് ദൃശ്യമായത്. ഈമാസത്തിന്റെ തുടക്കത്തിൽ രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം മൂന്നിനാണ് വീണ്ടും ഉയരാൻ തുടങ്ങിയത്. അന്ന് 120 രൂപയും നാലിന് 560 രൂപയും അഞ്ചിന് 320 രൂപയും ഉയർന്നു. ഇതോടെ നാലുദിവസം കൊണ്ട് ആയിരത്തിലേറെ രൂപയാണ് വർധിച്ചത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ട്രോയ് ഔണ്‍സിന് 10 ഡോളറിന്റെ വര്‍ധനയാണ് ഇന്നുണ്ടായിട്ടുള്ളത്. രാജ്യാന്തരവില ഔൺസിന് 2,926-2,930 ഡോളർ നിലവാരത്തിലേക്ക് ഉയർന്നെങ്കിലും പിന്നീട് 2,917 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. രൂപയുടെ വിനിമയ നിരക്ക് ഇന്ന് 86.94 ആണ്.
അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.