പീഡന ശ്രമം തടഞ്ഞ യുവതിയെ കൗമാരക്കാരൻ കുത്തി വീഴ്ത്തി; പ്രതി പിടിയിൽ
Thursday, March 6, 2025 12:07 AM IST
മുംബൈ: മഹാരാഷ്ട്രയിൽ പീഡനശ്രമം തടഞ്ഞ യുവതിയെ കൗമാരക്കാരൻ കുത്തിവീഴ്ത്തി. ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഗാർഡൻ മേഖലയിലാണ് സംഭവം.
19കാരനായ അഭിഷേക് നവ്പുതെയാണ് കേസിലെ പ്രതി. സംഭവത്തിൽ ഗുരുതര പരിക്കേറ്റ 36കാരി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ കുറേകാലമായി നവ്പുതെ യുവതിയെ ശല്യം ചെയ്തിരുന്നതായി പോലീസ് പറയുന്നു.
ഞായറാഴ്ച ഒരു പാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ യുവതി പ്രതിരോധിച്ചപ്പോൾ ഇയാൾ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് നിരവധി തവണ ആക്രമിച്ചു.
പിന്നീട് യുവതി മരിച്ചുവെന്ന് കരുതി പ്രതി ഓടിരക്ഷപെടുകയായിരുന്നു. അബോധാവസ്ഥയിൽ കിടന്ന യുവതിയെ ഭർതൃമാതാവാണ് ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ ശരീരത്ത് വെട്ടേറ്റ15 ഓളം പാടുകളുണ്ട്.
തിങ്കളാഴ്ച രാത്രിയോടെ ഇവർക്ക് ബോധംവരികയും സംഭവത്തെക്കുറിച്ച് പോലീസിനോട് പറയുകയുമായിരുന്നു. ചൊവ്വാഴ്ച ഒരു ഫാമിൽ നിന്ന് നവ്പുതയെ പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു.