വ്യാജ വാർത്ത; ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് കോൺഗ്രസ് വക്കീൽ നോട്ടീസയച്ചു
Tuesday, March 4, 2025 11:50 PM IST
ന്യൂഡൽഹി: വ്യാജ വാര്‍ത്ത നൽകിയെന്ന് ആരോപിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് കോൺഗ്രസ് വക്കീൽ നോട്ടീസയച്ചു. സംസ്ഥാനത്ത് മൂന്നാമതും കോൺഗ്രസിന് തിരിച്ചടിയുണ്ടാകുമെന്ന് സുനിൽ കനുഗോലുവിന്റെ സർവേ റിപ്പോർട്ടുണ്ടെന്നായിരുന്നു പത്രം റിപ്പോർട്ട് ചെയ്തത്.
പാര്‍ട്ടിയുടെ വിജയസാധ്യതയെ മങ്ങലേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നതായി എഐസിസിയുടെ സര്‍വേ സംഘം കണ്ടെത്തിയെന്ന തരത്തിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇത്തരത്തില്‍ ഏതെങ്കിലും സര്‍വേ നടത്താന്‍ എഐസിസി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
അടിസ്ഥാനരഹിതമായ വാർത്തയാണ് കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെട്ട് നൽകിയത്. വാര്‍ത്തയിലെ തെറ്റായ ഭാഗം പിന്‍വലിച്ച് ഖേദ പ്രകടനം നടത്തിയില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.
പത്രത്തിനെതിരെ എഐസിസി ലീഗല്‍ സെല്‍ നോട്ടീസ് അയച്ചതായി എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ. സി.വേണുഗോപാല്‍ എംപിയും അറിയിച്ചു.