സ്മിത്തിനും ക്യാരിക്കും അര്‍ധ സെഞ്ചുറി; ഇന്ത്യയ്ക്ക് 265 റൺസ് വിജയലക്ഷ്യം
Tuesday, March 4, 2025 6:15 PM IST
ദുബായി: ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 265 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 49.3 ഓവറില്‍ 264 റണ്‍സിന് ഓള്‍ഔട്ടായി. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (73) വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി (61) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഓസീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നും വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തുടക്കത്തിലെ ഓപ്പണര്‍ കൂപ്പര്‍ കൊണോലിയെ (0) നഷ്ടമായെങ്കിലും മൂന്നാം നമ്പറിലിറങ്ങിയ സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ ഓസീസ് ഭേദപ്പെട്ട സ്കോറിലെത്തി.

മൂന്ന് തവണയാണ് സ്മിത്തിനെ ഭാഗ്യം തുണച്ചത്. പതിനാലാം ഓവറിലെ അഞ്ചാം പന്തില്‍ റണ്‍ ഔട്ടില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട സ്മിത്ത്, അക്സര്‍ പട്ടേലിന്റെ തൊട്ടടുത്ത പന്ത് ബാറ്റില്‍ തട്ടി ഉരുണ്ട് വന്ന് വിക്കറ്റില്‍ കൊണ്ടെങ്കിലും ബെയ്ൽസ് വീഴാത്തതിനാല്‍ രക്ഷപ്പെട്ടു. 22-ാം ഓവറില്‍ സ്മിത്ത് നല്കിയ റിട്ടേൺ ക്യാച്ച് മുഹമ്മദ് ഷമി വിട്ടുകളഞ്ഞു.
അവസാന ഓവറുകളിൽ തകർത്തടിക്കാൻ ശ്രമിച്ച അലക്സ് ക്യാരിയെ ശ്രേയസ് അയ്യർ റൺഔട്ടാക്കിയത് കൂറ്റൻ സ്കോർ എന്ന ഓസീസ് സ്വപ്നത്തിന് തിരിച്ചടിയായി.