പിണറായിയുടെ മൂന്നാമൂഴം: പിന്തുണച്ച് ഗോവിന്ദനും ഇ.പിയും
Tuesday, March 4, 2025 4:35 PM IST
തിരുവനന്തപുരം: മൂന്നാമതും ഭരണം കിട്ടിയാൽ എൽഡിഎഫ് സർക്കാരിനെ നയിക്കാൻ പിണറായി വിജയന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനും. സിപിഎം സംസ്ഥാന സമ്മേളനം മറ്റന്നാൾ കൊല്ലത്ത് തുടങ്ങാനിരിക്കെയാണ് ഇരുനേതാക്കളുടെയും പ്രതികരണം.
മൂന്നാം ഇടത് സർക്കാരിനെ നയിക്കാൻ പിണറായിക്ക് അയോഗ്യതയില്ലെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. പിണറായിക്ക് പ്രായപരിധി ബാധകമല്ല. അടുത്ത ഇടത് സർക്കാരിനെ നയിക്കാൻ അദ്ദേഹം യോഗ്യനാണ്. തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും ഗോവിന്ദൻ പറഞ്ഞു.
ഭരണനിർവഹണത്തിന് പാർട്ടിയിൽ പ്രായപരിധിയില്ലെന്ന് ഇ.പിയും വ്യക്തമാക്കി. പിണറായിയുടെ സേവനം പാർട്ടി കാണുന്നുണ്ട്. മൂന്നാമതും പിണറായി ആയിരിക്കുമോ ഇടതുപക്ഷത്തെ നയിക്കുന്നതെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്നും മികച്ച ഭരണാധികാരിയാണ് അദ്ദേഹമെന്നും ഇ.പി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗോവിന്ദനും ഇ.പിയും നിലപാട് പരസ്യപ്പെടുത്തിയത്.
പിണറായിയുടെ കഴിവിനെയും പ്രാപ്തിയെയും നീതിബോധത്തെയും ജനസേവന മനോഭാവത്തെയും സത്യസന്ധതയെയും കേരളത്തെ വളർത്താനുളള വലിയ നിരീക്ഷണത്തെയും എല്ലാവരും പ്രകീർത്തിക്കുന്പോൾ അതില്ലാതാക്കാനാണ് അദ്ദേഹത്തെ ചിലർ വേട്ടയാടുന്നത്. ശരി മാത്രം ചെയ്യുന്നവർ ഭയപ്പെടേണ്ടതില്ലെന്നും ഇ.പി പറയുന്നു. പിണറായിയുടെ സേവനങ്ങൾ പാർട്ടി കാണുമെന്നും ഉചിതമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയന് പാർട്ടി സംസ്ഥാന കമ്മിറ്റിയിലും പോളിറ്റ്ബ്യൂറോയിലും പ്രായപരിധി ബാധകമാകില്ലെന്നാണ് പാർട്ടി വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന. ഇ.പിയെ കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്താനും ധാരണയായിട്ടുണ്ടെന്നാണു വിവരം.
കൊല്ലത്ത് ആറു മുതൽ ഒമ്പതു വരെ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദനെ വീണ്ടും തെരഞ്ഞെടുക്കുന്നതിലും രണ്ടഭിപ്രായമില്ല. കൊല്ലം ആശ്രാമം യൂനുസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ 600 പ്രതിനിധികളാണു പങ്കെടുക്കുക.