അത് മരുന്നിന്റെ പാർശ്വഫലം; ചോക്ലേറ്റിൽ ലഹരിയുടെ അംശമെന്ന പരാതി തള്ളി പോലീസ്
Tuesday, March 4, 2025 3:37 PM IST
കോട്ടയം: മണർകാട് നാല് വയസുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരിയുടെ അംശമുണ്ടെന്ന ആരോപണം തള്ളി പോലീസ്. വയറുവേദനയെ തുടർന്ന് കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എംആർഐ സ്കാനിംഗിന് വിധേയനാക്കിയിരുന്നു. അപ്പോൾ നൽകിയ മരുന്നിന്റെ പാർശ്വഫലമായാണ് ബെൻസോഡയാസിപൈൻ എന്ന ലഹരിയുടെ അംശം ശരീരത്തിൽ എത്തിയതെന്നാണ് കണ്ടെത്തൽ.
എന്നാൽ സ്കൂളില്‍ നിന്ന് വന്നപ്പോള്‍ കുട്ടി അബോധാവസ്ഥയില്‍ ആയത് എങ്ങനെയാണ് എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. മറ്റ് കുട്ടികളും സ്കൂളില്‍ വച്ച് ചോക്ലേറ്റ് കഴിച്ചിരുന്നു.
അവര്‍ക്കാര്‍ക്കും യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഇതൊരു ഭക്ഷ്യവിഷബാധയാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.
സ്കൂളിൽനിന്നു മടങ്ങിയെത്തിയ നാലുവയസുകാരൻ ഉറക്കം തൂങ്ങിയിരിക്കുന്നതു കണ്ടു സംശയം തോന്നിയ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോട്ടയം മണര്‍കാട് അങ്ങാടിവയല്‍ സ്വദേശികളുടെ മകനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ ലഹരിയുടെ അംശം കണ്ടെത്തിയത്. ഇതോടെ കുട്ടിയുടെ മാതാവ് കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി. തുടർന്നാണ് മണർകാട് പോലീസ് സംഭവത്തിൽ അന്വേഷണം നടത്തിയത്.