വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറി; നഴ്സിംഗ് ഓഫീസർക്ക് മർദനം
Tuesday, March 4, 2025 7:22 AM IST
ജയ്പുർ: രാജസ്ഥാനിൽ ആശുപത്രിയിലെ വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയ നഴ്സിംഗ് ഓഫീസർക്ക് ക്രൂരമർദനം. സംസ്ഥാനത്തെ ഒരു കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന നഴ്സിംഗ് ഓഫീസർക്കാണ് മർദനമേറ്റത്.
സ്ഥാപനത്തിലെ വനിതാ സുരക്ഷാ ജീവനക്കാരിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. തുടർന്ന് വിഷയത്തിൽ മറ്റ് വനിതാ ജീവനക്കാരും ഇടപെടുകയായിരുന്നു. ചില വനിതാ ജീവനക്കാർ അയാളെ പുറത്തേക്ക് കൊണ്ടുപോവുകയും മർദിക്കുകയുമായിരുന്നു.
സംഭവത്തിൽ അന്വേഷണ സമിതി രൂപീകരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. സന്ദീപ് ജസുജ പറഞ്ഞു. വിഷയത്തിൽ ആശുപത്രി മാനേജ്മെന്റ് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.