യുക്രെയ്ൻ-റഷ്യ സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സെലൻസ്കി
Tuesday, March 4, 2025 1:07 AM IST
കീവ്: യുക്രെയ്ൻ-റഷ്യ സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ സംബന്ധിച്ച തന്റെ നിലപാടിനെ വീണ്ടും വിമർശിച്ചതോടെയാണ് സെലൻസ്കി ഇക്കാര്യം അറിയിച്ചത്.
"ഈ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കുന്നതിന് നമ്മുടെ നയതന്ത്രം ശരിക്കും ഫലപ്രദമാക്കാൻ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. സമാധാനത്തിലേക്കുള്ള പാതയിൽ യുഎസിന്റെ പിന്തുണ പ്രതീക്ഷിക്കുന്നതായും" അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഡോണൾഡ് ട്രംപും സെലൻസ്കിയും തമ്മിൽ വെള്ളിയാഴ്ച നടന്ന കൂടിക്കാഴ്ച അലസിപ്പിരിഞ്ഞിരുന്നു. വൈറ്റ്ഹൗസിലെ ഓവൽ ഓഫീസിൽ ലോകമാധ്യമങ്ങൾക്കു മുന്നിൽ നടന്ന കൂടിക്കാഴ്ചയിൽ ചൂടേറിയ വാഗ്വാദങ്ങളും ആക്രോശങ്ങളും ഉയർന്നു.
സെലൻസ്കി ധിക്കാരിയാണ്, നന്ദി കാട്ടുന്നില്ല, വെടിനിർത്തൽ ആഗ്രഹിക്കുന്നില്ല, മൂന്നാം ലോകമഹായുദ്ധം വച്ച് ചൂതാടുകയാണ് തുടങ്ങിയ ആരോപണങ്ങൾ ട്രംപ് ഉന്നയിച്ചു. ഒരു മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ സെലൻസ്കിയോട് സ്ഥലംവിടാൻ വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരെക്കൊണ്ട് ട്രംപ് പറയിച്ചുവെന്നും റിപ്പോർട്ടുണ്ട്.
കൊലപാതകിയായ റഷ്യൻ പ്രസിഡന്റ് പുടിനോടുള്ള മൃദുസമീപനം ട്രംപ് അവസാനിപ്പിക്കണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടു. യുക്രെയ്ന്റെ സുരക്ഷയ്ക്ക് കൂടുതൽ ഉറപ്പുകൾ വേണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. അമേരിക്കയുടെ സഹായങ്ങൾക്ക് സെലൻസ്കി നന്ദി പറയാൻ തയാറല്ലെന്ന് ട്രംപും വൈസ് പ്രസിഡന്റ് വാൻസും ആരോപിച്ചു.
സമാധാനത്തിനു തയാറാണെന്നു തോന്നുന്പോൾ സെലൻസ്കിക്ക് ചർച്ചയ്ക്കായി മടങ്ങിവരാമെന്ന് ട്രംപ് പിന്നീട് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.