പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; ബിജെപി നേതാവ് അറസ്റ്റിൽ
Tuesday, March 4, 2025 12:55 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ പ്രായപൂർത്തിയായ പെൺകുട്ടി ഹോട്ടലിൽ പീഡനത്തിനിരയായ സംഭവത്തിൽ ബിജെപി നേതാവ് അറസ്റ്റിൽ. 15കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ടികാംഗഡ് ജില്ലയിലാണ് സംഭവം. സഞ്ജു യാദവ് എന്നയാളാണ് പിടിയിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് പീഡനം നടന്നത്. പെൺകുട്ടിയെ പീഡിപ്പിച്ചവർക്ക് ഹോട്ടലിൽവേണ്ട സൗകര്യങ്ങൾ തയാറാക്കി നൽകിയെന്നാണ് സഞ്ജുവിനെതിരെയുള്ള കേസ്.
ഇയാളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയെന്ന് ബിജെപി ജില്ലാ യൂണിറ്റ് മേധാവി സരോജ് രജ്പുത് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഹോട്ടലിലേക്ക് പോകുന്നതിനിടെ സിവിൽ ലൈൻസ് പ്രദേശത്ത് നിന്നാണ് യാദവിനെ കസ്റ്റഡിയിലെടുത്തതെന്ന് കോട്വാലി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ഇൻസ്പെക്ടർ പങ്കജ് ശർമ പറഞ്ഞു.
പ്രതികളായ രോഹിത് സാഹു, വിശാൽ സാഹു എന്നിവർക്കെതിരെ പെൺകുട്ടിയും കുടുംബവും പരാതി നൽകിയതായി ശർമ പറഞ്ഞു. ഒരു വർഷം മുമ്പ് യാദവിന്റെ ഹോട്ടലിലേക്ക് തന്നെ ബലമായി കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് കുട്ടി ആരോപിക്കുന്നു.