കർണാടകയിൽ കോൺഗ്രസ് പ്രവർത്തകനെ മർദിച്ചു; എംഎൽഎയ്ക്കെതിരെ കേസ്
Tuesday, March 4, 2025 12:38 AM IST
ബംഗുളൂരു: കർണാടകയിൽ കോൺഗ്രസ് പ്രവർത്തകനെ മർദിച്ചകേസിൽ എംഎൽഎയ്ക്കെതിരെ കേസ്. ശക്തിനഗരയ്ക്കടുത്തുള്ള ശ്രീകൃഷ്ണ ഭജന മന്ദിരത്തിൽ വച്ചുണ്ടായ അക്രമസംഭവത്തിൽ മംഗലാപുരം സിറ്റി സൗത്ത് എംഎൽഎ വേദവ്യാസ കാമത്ത് ഉൾപ്പെടെ 12 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. തുടർന്ന് മർദനമേറ്റയാൾ കങ്കനാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ബ്രഹ്മകലശോത്സവ ചടങ്ങിൽ അതിഥികളെ സ്വാഗതം ചെയ്യുന്നതിൽ വോളണ്ടിയറായി സഹായിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് കോൺഗ്രസ് പ്രവർത്തകനായ യശ്വന്ത് പ്രഭു നൽകിയ പരാതിയിൽ പറയുന്നു.
ക്ഷേത്രങ്ങളിൽ കല്ലെറിഞ്ഞിട്ട് നിങ്ങൾ ഇവിടെ എന്ത് ജോലി ചെയ്യുകയാണെന്ന് എംഎൽഎ തന്നോട് ആക്രോശിച്ചെന്ന് യശ്വന്ത് പറയുന്നു. തുടർന്ന് യശ്വന്തും എംഎൽഎയും തമ്മിൽ വാക്കേറ്റമുണ്ടായി. തൊട്ടുപിന്നാലെ അശ്വിത് കൊട്ടാരി, മണി, ജയപ്രകാശ് എന്നിവരുൾപ്പെടെയുള്ള ഒരു സംഘം യശ്വന്തിനെ ആക്രമിക്കുകയായിരുന്നു.
എന്നാൽ സംഭവത്തെ ബിജെപി വക്താവ് രാജ് ഗോപാൽ റായ് തള്ളിക്കളഞ്ഞു. ബിജെപി നേതാക്കൾക്കെതിരെ കോൺഗ്രസ് അപവാദ പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു