ഗാസയിലേക്കുള്ള സഹായ ട്രക്കുകൾ തടഞ്ഞ് ഇസ്രയേൽ
Monday, March 3, 2025 12:31 PM IST
ടെൽ അവീവ്: ഗാസയിലേക്കെത്തുന്ന സഹായ ട്രക്കുകൾ തടഞ്ഞ് ഇസ്രയേൽ. ഒന്നാംഘട്ട വെടിനിർത്തൽ ആറ് ആഴ്ചത്തേക്കുകൂടി നീട്ടാനുള്ള നിർദേശം ഹമാസ് നിരാകരിച്ചതോടെയാണ് ഇസ്രയേലിന്റെ നടപടി.
അതേസമയം വില കുറഞ്ഞ ബ്ലാക്മെയിൽ തന്ത്രം മാത്രമാണിതെന്നും അന്തർദേശീയ സമൂഹം ഇതിനെതിരെ രംഗത്തിറങ്ങണമെന്നും ഹമാസ് ആവശ്യപ്പെട്ടു. മൂന്നുഘട്ടങ്ങളായി വിഭാവനം ചെയ്യുന്ന ഗാസ വെടിനിർത്തലിന്റെ ജനുവരി 19നാരംഭിച്ച ആറാഴ്ച നീണ്ട ഒന്നാംഘട്ടം മാർച്ച് ഒന്നിന് അവസാനിച്ചിരുന്നു.
വീണ്ടും ആറാഴ്ചത്തേക്കുകൂടി ഒന്നാംഘട്ട വെടിനിർത്തൽ ദീർഘിപ്പിക്കണമെന്ന നിർദേശം യുഎസ് പ്രസിഡന്റ് ട്രംപിന്റെ പശ്ചിമേഷ്യാ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ആണു മുന്നോട്ടുവച്ചത്. ഇസ്രയേലിന് ഇതു സമ്മതമാണെങ്കിലും ഹമാസ് അംഗീകരിക്കാൻ തയാറല്ല.
യുദ്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കാനും ഗാസയിൽ അവശേഷിക്കുന്ന ഇസ്രേലി ബന്ദികളെ മോചിപ്പിക്കാനും നിർദേശിക്കുന്നത് രണ്ടാം ഘട്ട വെടിനിർത്തലിലാണ്. രണ്ടാംഘട്ട വെടിനിർത്തൽ സംബന്ധിച്ച് മധ്യസ്ഥരായ അമേരിക്ക, ഈജിപ്ത്, ഖത്തർ എന്നിവരിൽനിന്ന് ഉറപ്പു ലഭിച്ചാലേ ഒന്നാം ഘട്ട വെടിനിർത്തൽ ദീർഘിപ്പിക്കാൻ സമ്മതിക്കൂ എന്നാണു ഹമാസിന്റെ നിലപാട്.