എല്ലാ അതിക്രമങ്ങള്‍ക്കും പിന്നില്‍ ലഹരി; പ്രശ്നങ്ങള്‍ക്ക് ആദ്യ ഉത്തരവാദി സര്‍ക്കാരെന്ന് ചെന്നിത്തല
Monday, March 3, 2025 12:21 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ അടിയന്തരപ്രമേയം സഭയില്‍ അവതരിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വെഞ്ഞാറമൂട് കൂട്ടക്കൊലയും താമരശേരിയിലെ പത്താം ക്ലാസുകാരന് ഷഹബാസിന്റെ മരണവും ഞെട്ടിക്കുന്നതാണെന്ന് ചെന്നിത്തല പറഞ്ഞു.
എല്ലാ അതിക്രമങ്ങള്‍ക്കും പിന്നില്‍ ലഹരിയാണ്. ഈ പ്രശ്നങ്ങളുടെയെല്ലാം ആദ്യ ഉത്തരവാദി സര്‍ക്കാരാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.
ലഹരിമാഫിയയുടെ നീരാളിപ്പിടിത്തത്തിലാണ് കേരളം. കുട്ടികളുടെ ജീവിതം പുകഞ്ഞ് ഇല്ലാതാകുന്നു. ഒമ്പത് വര്‍ഷമായി ലഹരിക്കെതിരേ ഈ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തെന്നും ചെന്നിത്തല ചോദിച്ചു.
ലഹരിവിരുദ്ധ പ്രചാരണം പരാജയപ്പെട്ടു. സമ്പൂര്‍ണമായി പരാജയപ്പെട്ട പദ്ധതിയാണ് വിമുക്തി. എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങുന്നത് എന്തിനാണ്?. സംസ്ഥാനത്ത് മദ്യം ഒഴുക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല ചോദ്യം ഉന്നയിച്ചു.