ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പത്തുപേർക്ക് പരിക്ക്
Monday, March 3, 2025 1:04 AM IST
പത്തനംതിട്ട: ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളത്തിനിടെയുണ്ടായ സംഭവത്തിൽ പത്തുപേർക്ക് പരിക്കേറ്റു.
വേണാട്ടുമറ്റം ഉണ്ണിക്കുട്ടന് എന്ന ആന വിരണ്ട് ഒപ്പമുണ്ടായിരുന്ന തിരുവല്ല ദേവസ്വത്തിന്റെ ജയരാജൻ എന്ന ആനയെ കുത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ജയരാജന് പഴയ ഊട്ടുപുരയ്ക്ക് സമീപത്തേക്കും വേണാട്ടുമറ്റം ഉണ്ണിക്കുട്ടന് ശാസ്താം നടയ്ക്ക് സമീപത്തേക്കും ഓടുകയായിരുന്നു.
ഇതു കണ്ടു നിന്നവർ പരിഭ്രാന്തരായി ഓടുന്നതിനിടെ വീണു പരിക്കേൽക്കുകയായിരുന്നു. ഇതിനിടെ ആനയുടെ മുകളിലുണ്ടായിരുന്ന കീഴ്ശാന്തി താഴേക്ക് വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകുന്നേരത്തെ ശ്രീബലി എഴുന്നള്ളത്തില്‍ രണ്ടാം വലത്തിനിടെ ഗരുഡമാടത്തറയ്ക്ക് സമീപമാണ് സംഭവം.
അധികം താമസിക്കാതെ രണ്ട് ആനകളെയും തളച്ചു. പരിക്കേറ്റവർ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. രാവിലെ നടന്ന എഴുന്നള്ളത്തിനിടെയും ഉണ്ണിക്കുട്ടന് പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നതായി ഭക്തര്‍ ആരോപിച്ചു.