ചാമ്പ്യൻസ് ട്രോഫി; ന്യൂസിലൻഡിനെതിരേ ഇന്ത്യയ്ക്ക് തകർപ്പൻ ജയം, സെമിയിൽ ഇന്ത്യ-ഓസീസ് പോരാട്ടം
Sunday, March 2, 2025 10:04 PM IST
ദുബായ്: ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് എ മത്സരത്തിൽ ന്യൂസിലൻഡിനെതിരേ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 44 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ ഉയർത്തിയ 249 റൺസ് മറികടക്കാനായി ബാറ്റേന്തിയ ന്യൂസിലൻഡ് പട 45.3 ഓവറിൽ 205 റൺസ് മാത്രമെടുത്ത് ഓൾ ഔട്ടായി. ഇതോടെ ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമിയിൽ എത്തിയ ഇന്ത്യ സെമിയിൽ ഓസ്ട്രേലിയയെ നേരിടും.
കെയ്ൻ വില്യംസൺ മാത്രമേ ന്യൂസിലൻഡിനായി ഭേദപ്പെട്ട സ്കോർ കണ്ടെത്താനായുള്ളു. വില്ല്യംസൺ 120 പന്തിൽ 81 റൺസ് എടുത്തു. 28 റൺസ് എടുത്ത് ക്യാപ്റ്റൻ മിറ്റ്ചെൽ സാന്റ്നറും 22 റൺസ് എടുത്ത് വിൽ യങ്ങും ന്യൂസിലൻഡിനായി തിളങ്ങി.
വരുൺ ചക്രവർത്തിയുടെ വിക്കറ്റ് വേട്ടക്ക് മുന്നിലാണ് ന്യൂസിലൻഡിന് അടിതെറ്റിയത്. ന്യൂസിലൻഡിന്റെ അഞ്ച് വിക്കറ്റുകളാണ് വരുൺ പിഴുതെറിഞ്ഞത്. കുൽദീപ് യാദവ് ഇന്ത്യക്കായി രണ്ട് വിക്കറ്റും വീഴ്ത്തി.
രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് ആദ്യ ഇന്നിംഗ്സിൽ എടുത്തത്. ശ്രേയസ് അയ്യരുടെയും അക്സർ പട്ടേലിന്റെയും ഹാർദിക് പാണ്ഡ്യയുടെയും സ്കോറാണ് ഇന്ത്യയെ പൊരുതാവുന്ന നിലയിലേക്ക് എത്തിച്ചത്.
ശ്രേയസ് അയ്യർ 98 പന്തിൽ 79 റൺസ് എടുത്ത് തിളങ്ങി. ഹാർദിക് പാണ്ഡ്യ 45 പന്തിൽ 45 റൺസും അക്സർ പട്ടേൽ 61 പന്തിൽ 42 റൺസും അടിച്ചു കൂട്ടി.
കെ. എൽ. രാഹുൽ (23), രോഹിത് ശർമ (15), വിരാട് കോഹ്ലി (11), രവീന്ദ്ര ജഡേജ (16), ശുഭ്മാൻ ഗിൽ (രണ്ട്), മൊഹമ്മദ് ഷമി (അഞ്ച്), കുൽദീപ് യാദവ് (ഒന്ന്) എന്നിങ്ങനെയാണ് സ്കോർ.