ജോലി സ്ഥിരപ്പെടുത്തി തരാമെന്ന് പറഞ്ഞ് പീഡിപ്പിക്കാൻ ശ്രമം; കോൺഗ്രസ് നേതാവിനെതിരേ പരാതി
Sunday, March 2, 2025 8:29 PM IST
മലപ്പുറം: ജോലി സ്ഥിരപ്പെടുത്തി തരാമെന്ന് വാഗ്ദാനം നൽകി കോൺഗ്രസ് നേതാവായ അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. മലപ്പുറം വള്ളിക്കുന്ന് നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും കെപിഎസ്ടിഎ നേതാവുമായ മൂന്നിയൂര്‍ സ്വദേശി എ.വി. അക്ബര്‍ അലിക്കെതിരെയാണ് പരാതി.
മുന്‍ സഹപ്രവര്‍ത്തകയായ അധ്യാപികയാണ് പരാതിയുമായി രംഗത്തെത്തിയത്. അക്ബർ അലിയുടെ കുടുംബം നടത്തുന്ന സ്കൂളില്‍ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. 2022-ലായിരുന്നു പീഡനശ്രമം.
സ്കൂളിലെ താൽക്കാലിക ജോലി സ്ഥിരപ്പെടുത്തി തരാമെന്നും പണം നൽകാമെന്നും വാഗ്ദാനം ചെയ്താണ് ഉപദ്രവിക്കാൻ ശ്രമിച്ചത്. വഴങ്ങാതെ വന്നതോടെ ഭീഷണിപ്പെടുത്തി. ഇതോടെ താൽക്കാലിക ജോലി ഉപേക്ഷിച്ചെന്നും പരാതിക്കാരി പറയുന്നു.