ന്യൂസിലൻഡിന് ടോസ്; ഇന്ത്യയ്ക്ക് ബാറ്റിംഗ്
Sunday, March 2, 2025 2:16 PM IST
ദുബായ്: ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിൽ ഗ്രൂപ്പ് ഘട്ട അവസാന മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഇരുടീമും സെമിഫൈനലിൽ പ്രവേശിച്ചതിനാൽ മത്സരഫലം പ്രസക്തമല്ല. ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിയുടെ 300-ാം രാജ്യാന്തര ഏകദിനമാണ്.
കഴിഞ്ഞ മത്സരത്തിലെ ടീമിൽനിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഹർഷിദ് റാണയ്ക്കു പകരം വരുൺ ചക്രവർത്തിയെ അന്തിമ ഇലവണിൽ ഉൾപ്പെടുത്തി. ന്യൂസിലൻഡും ഒരു മാറ്റവുമായാണ് കളത്തിലിറങ്ങുന്നത്. ഡെവൺ കോൺവേയ്ക്കു പകരക്കാരനായി ഡാരിൽ മിച്ചൽ ടീമിലിടം പിടിച്ചു.
കിരീടസാധ്യത കൂടുതൽ സൂചിപ്പിക്കുന്ന രണ്ടു ടീമുകൾ ഏറ്റമുട്ടുന്പോൾ കൂടുതൽ ശക്താരാകാൻ ഇന്ത്യയും 2023 ലോകകപ്പ് സെമിയിൽ പരാജയമേറ്റുവാങ്ങി നാട്ടിലേക്ക് യാത്ര തിരിക്കേണ്ടിവന്നതിന്റെ ക്ഷീണം തീർക്കാൻ മിച്ചൽ സാന്റ്നർ നയിക്കുന്ന ന്യൂസിലൻഡും ശ്രമിക്കും. ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടുകയെന്നതിനാലും വീറും വാശിയും ഒട്ടും കുറയില്ല.
രണ്ടു മത്സരങ്ങളിലും ആധികാരിക ജയം നേടിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ബംഗ്ലാദേശിനെതിരേയും പാക്കിസ്ഥാനെതിരേയും ആറ് വിക്കറ്റ് ജയം. ഇരുടീമിനും 250നു മുകളിൽ സ്കോർ ചെയ്യാൻ ഇന്ത്യൻ ബൗളർമാർ അനുവദിച്ചില്ല. ആദ്യമത്സരത്തിൽ ശുഭ്മാൻ ഗില്ലും രണ്ടാം മത്സരത്തിൽ കോഹ്ലിയും സെഞ്ചുറിയുമായി അനായാസ ജയമൊരുക്കി. കിവീസ് പാക്കിസ്ഥാനെതിരേ 60 റണ്സിന്റെയും ബംഗ്ലാദേശിനെതിരേ അഞ്ച് വിക്കറ്റിന്റെയും ജയം ആഘോഷിച്ചു.
ഇന്ത്യയും ന്യൂസിലൻഡും ചാന്പ്യൻസ് ട്രോഫിയിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത് 24 വർഷത്തിനുശേഷം. 2000ൽ നടന്ന ഫൈനലിലാണ് ഇരുടീമും അവസാനമായി ഏറ്റുമുട്ടിയത്. മത്സരത്തിൽ കീവികൾ നാല് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി ഐസിസി ടൂർണമെന്റിലെ ആദ്യ കിരീടനേട്ടം ആഘോഷിച്ചു.
ടീം ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.
ന്യൂസിലൻഡ്: വിൽ യംഗ്, രച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ഡാരിൽ മിച്ചൽ, ടോം ലാതം (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റനർ (ക്യാപ്റ്റൻ), മാറ്റ് ഹെൻറി, കൈൽ ജാമിസൺ, വില്യം ഒറൂർക്ക്.