രണ്ടുപേരെക്കൂടി കൊല്ലാൻ പദ്ധതിയിട്ടു; അനുജനെ കൊന്നതോടെ തളർന്നെന്ന് അഫാൻ
Sunday, March 2, 2025 10:36 AM IST
തിരുവനന്തപുരം: രണ്ടുപേരെക്കൂടി കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ. ആശുപത്രിയിൽ അഫാനെ സന്ദർശിച്ച മാനസികാരോഗ്യ വിദഗ്ധനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തട്ടത്തുമലയിൽ താമസിക്കുന്ന ഉറ്റബന്ധുക്കളായ അമ്മയെയും മകളെയുമാണ് കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. അഞ്ച് ലക്ഷം രൂപ കടം ചോദിച്ചിരുന്നെന്നും ഇത് നൽകാത്തതിൽ അവരോട് പക തോന്നിയെന്നുമാണ് മൊഴി.
എന്നാൽ അനുജനെ കൊന്നതോടെ തളർന്നു. തന്നെ സഹായിക്കാത്ത മാതൃസഹോദരനോടും പക തോന്നി. എന്നാൽ ഇയാൾക്ക് ചെറിയ കുട്ടികൾ ഉള്ളതുകൊണ്ട് ഒഴിവാക്കുകയായിരുന്നെന്നാണ് വെളിപ്പെടുത്തൽ.
അതേസമയം കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ ഇന്ന് ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റും. അഫാന്റെ ആരോഗ്യനില മെച്ചപ്പെട്ടന്ന് ഡോക്ടര്‍മാർ നിർദേശിച്ചതിനെ തുടർന്നാണ് ജയിലിലേക്ക് മാറ്റുന്നത്.
അഫാനെ ആശുപത്രിയിലെത്തി നേരത്തെ തന്നെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരുന്നു. മുത്തശിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പാങ്ങോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മറ്റ് നാലുപേരെ കൊലപ്പെടുത്തിയതിലും അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും വെഞ്ഞാറമൂട് പോലീസ് രജിസ്റ്റർ ചെയ്ത കേസുകളില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.