വിദ്യാര്‍ഥിനിക്ക് നേരേ നായ്ക്കുരണപ്പൊടി എറിഞ്ഞ സംഭവം; പോലീസ് കേസെടുത്തു
Sunday, March 2, 2025 9:19 AM IST
കൊച്ചി: പത്താംക്ലാസുകാരിക്ക് നേരെ സഹപാഠികൾ നായ്ക്കുരണപ്പൊടി എറിഞ്ഞ സംഭവത്തിൽ പോലീസ് കേസെടുത്തു. ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരമാണ് കേസ്.
തൃക്കാക്കര തെങ്ങോട് ഗവ. ഹൈസ്കൂളിലെ അധ്യാപകരെയും പെണ്‍കുട്ടിയുടെ സഹപാഠികളായ രണ്ട് പേരെയും പ്രതികളാക്കിയാണ് കേസെടുത്തത്. കുട്ടിക്ക് മാനസിക പിന്തുണ നല്കിയില്ലെന്നതാണ് അധ്യാപകര്‍ക്കെതിരായ കുറ്റം.
സഹപാഠികൾ നായ്ക്കുരണപ്പൊടി വിതറിയതിനെത്തുടർന്ന് കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് പത്താം ക്ലാസുകാരി നേരിടുന്നത്. അണുബാധയെത്തുടർന്ന് നടക്കാൻപോലും കുട്ടി ബുദ്ധിമുട്ടുകയാണ്. തിങ്കളാഴ്ച എസ്എസ്എൽസി പരീക്ഷ ആരംഭിക്കാനിരിക്കെ, കൗൺസലിങ് നൽകി കുട്ടിയെ സാധാരണ നിലയിലെത്തിക്കാനാണു ശ്രമം.
ഫെബ്രുവരി മൂന്നിന് ഐടി പരീക്ഷ കഴിഞ്ഞ് ക്ലാസ്മുറിയിലെത്തിയപ്പോൾ സഹപാഠികൾ കുട്ടിയുടെ ശരീരത്തിൽ നായ്ക്കുരണച്ചെടിയുടെ കായ് ഇട്ടുവെന്നാണ് പരാതി. കുറച്ചു കഴിഞ്ഞ് അസ്വസ്ഥത തോന്നിയപ്പോൾ സഹപാഠികൾ തന്നെയാണ് നായ്ക്കുരണക്കായുടെ പൊടി കഴുകിക്കളയാൻ പറഞ്ഞത്.
തുടർന്ന് സ്കൂളിലെ ശുചിമുറിയിലെത്തി ശരീരവും വസ്ത്രങ്ങളും കഴുകി. ഇതിനിടെ, നായ്ക്കുരണപ്പൊടി സ്വകാര്യ ഭാഗങ്ങളിലടക്കം പുരണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞാണ് അധ്യാപകർ വിവരമറിഞ്ഞത്. കുട്ടിയുടെ അമ്മയെ അറിയിച്ചപ്പോൾ അമ്മ മറ്റൊരു വസ്ത്രവുമായി സ്കൂളിലെത്തിയാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത്.