മാര്‍പാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; നിരീക്ഷണത്തിൽ തുടരും
Sunday, March 2, 2025 7:21 AM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെങ്കിലും 48 മണിക്കൂർ കൂടി നിരീക്ഷണത്തിൽ തുടരുമെന്ന് ആശുപത്രി അധികൃതർ. പരസഹായമില്ലാതെ മാർപാപ്പ കാപ്പി കുടിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാൻ അറിയിച്ചു.
കഴിഞ്ഞ ദിവസത്തെ പോലെ ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഇന്നലെ ഉണ്ടായില്ല. പനിയോ പുതിയ അണുബാധയുടെ ലക്ഷണങ്ങളോ പോപ്പിന് ഉണ്ടായില്ലെന്നും അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച ഉച്ചവരെ മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി പ്രകടമായിരുന്നു.
എന്നാൽ പെട്ടെന്ന് അദ്ദേഹത്തിന് ശ്വാസംമുട്ടലും ഛർദ്ദിയും അനുഭവപ്പെട്ടതോടെ ശ്വസന നില വഷളായി. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.