വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനെ ജയിലിലേക്ക് മാറ്റും
Sunday, March 2, 2025 6:20 AM IST
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ ഇന്ന് ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റും. അഫാന്റെ ആരോഗ്യനില മെച്ചപ്പെട്ടന്ന് ഡോക്ടര്‍മാർ നിർദേശിച്ചതിനെ തുടർന്നാണ് ജയിലിലേക്ക് മാറ്റുന്നത്.
അഫാനെ ആശുപത്രിയിലെത്തി നേരത്തെ തന്നെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരുന്നു. മുത്തശ്ശിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പാങ്ങോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മറ്റ് നാലുപേരെ കൊലപ്പെടുത്തിയതിലും അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും വെഞ്ഞാറമൂട് പോലീസ് രജിസ്റ്റർ ചെയ്ത കേസുകളില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം വിദേശത്ത് നിന്നും കഴിഞ്ഞ ദിവസം നാട്ടിലെത്തിയ അഫാന്റെ പിതാവ് റഹിമിൽ നിന്നും പോലീസ് സംഘം മൊഴിഎടുത്തു. വിദേശത്തും നാട്ടിലുമായി തനിക്ക് 20 ലക്ഷം രൂപയുടെ ബാധ്യതമാത്രമാണ് ഉള്ളത്.
ആ ബാധ്യത തീർക്കാൻ ഭാര്യയെയോ മകനെയോ ചുമതലപ്പെടുത്തിയിരുന്നില്ലെന്നും റഹിം പോലീസിനോട് പറഞ്ഞു. ഭാര്യയും മകനും വരുത്തിയ ബാധ്യതകൾ തനിക്കറിയില്ലെന്നും റഹിം വ്യക്തമാക്കിയിരുന്നു.