അമ്മയുമായി വഴക്കിട്ടതിനെ തുടർന്ന് മകൻ വീടിന് തീയിട്ടു
Sunday, March 2, 2025 12:21 AM IST
തിരുവനന്തപുരം: അമ്മയുമായി വഴക്കിട്ടതിനെ തുടർന്ന് സ്വന്തം വീടിന് തീയിട്ട് യുവാവ്. വെള്ളറട ആനപ്പാറ ഹോമിയോ ആശുപത്രിക്ക് സമീപം കടയാറ വീടിനാണ് ആന്റോ തീയിട്ടത്.
വീട്ടിൽവച്ച് അമ്മയോട് വഴക്കിട്ടതിന് പിന്നാലെയായിരുന്നു ഇയാളുടെ ആക്രമണം. തർക്കത്തിന് പിന്നാലെ അമ്മയെ സഹോദരിയുടെ വീട്ടിൽ എത്തിച്ച ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് ആന്റോ വീടിന് തീയിട്ടത്.
ആന്റോയും മാതാവായ ബ്രിജിത്ത് (60) എന്നിവരാണ് വീട്ടില്‍ താമസിച്ചുവരുന്നത്. തീപിടിത്തത്തിൽ വീട്ടിലെ ജനലും വാതിലും കട്ടിലുമടക്കം വീട്ടുപകരണങ്ങളും വീടിന്റെ മേല്‍ക്കൂരയും കത്തിച്ചാമ്പലായി.
വിവരമറിഞ്ഞ് വെള്ളറട പോലീസും പാറശാല ഫയര്‍ഫോഴ്സും എത്തി തീ നിയന്ത്രണ വിധേയമാക്കി. ആന്റോ മാനസിക രോഗത്തിന് ചികിത്സയിലാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.