തൃശൂർ പൂരം: കഴിഞ്ഞ തവണത്തെ പാളിച്ചകൾ ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി
Saturday, March 1, 2025 9:27 PM IST
തിരുവനന്തപുരം: തൃശൂർ പൂരം നടത്തിപ്പിൽ കഴിഞ്ഞ തവണത്തെ പാളിച്ചകൾ ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി. പൂരത്തിന്റെ ശോഭ കെടുത്താത്ത രീതിയിലാകണം സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂരം ഒരുക്കൾ വിലയിരുത്താൻ വിളിച്ച യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പങ്കെടുത്തു. മെയ് ആറിനാണ് ഈ വർഷത്തെ തൃശൂർ പൂരം. പൂരം നടത്തിപ്പിൽ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാൻ പാടില്ലെന്നും ആചാരങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലും സുരക്ഷയിൽ വിട്ടുവീഴ്ച്ച വരാത്ത വിധത്തിലായിരിക്കണം പൂരം നടക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൂരം എക്സിബിഷന് വടക്കുംനാഥ ക്ഷേത്രമൈതാനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തറവാടക പ്രശ്നം രമ്യമായി പരിഹരിക്കാൻ അദ്ദേഹം ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. നേരത്തെ മുന്നോട്ടുവെച്ച ഒത്ത് തീർപ്പ് വ്യവസ്ഥ കൊച്ചിൻ ദേവസ്വം ബോർഡ് എത്രയും വേഗം ഹൈക്കോടതിയെ അറിയിക്കും.
തൃശൂർ പൂരവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം ജില്ലാ ഭരണ സംവിധാനം ഉറപ്പ് വരുത്താൻ നിർദ്ദേശം നൽകി. സുരക്ഷാ മുൻകരുതലുകൾ, വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും കോടതി ഉത്തരവുകളും പാലിക്കപ്പെട്ടുന്നുണ്ടോ എന്ന് ജില്ലാ ഭരണകൂടം ഉറപ്പാക്കണം. പൂരം ദിവസങ്ങളിൽ വെടിക്കെട്ടു നടത്തുന്നതിനുള്ള മാർഗ നിർദ്ദേശങ്ങളും എക്സ്പ്ലോസീവ് നടപടികളും സ്വീകരിക്കണം.
ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള പൂരത്തിന് ആവശ്യമായ ആനകളെ എഴുന്നള്ളിക്കുന്നതിനും ആനകളുടെ വിശ്രമം, പൊതുജന സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ പോലീസുമായി ചേർന്ന് ഒരുക്കണം. ഉത്സവം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളുന്നതിന് ജില്ലാ ജാഗ്രത സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി.