ചാന്പ്യൻസ് ട്രോഫി: ഇംഗ്ലണ്ടിനെ തകർത്ത് ദക്ഷിണാഫ്രിക്ക സെമിയിൽ
Saturday, March 1, 2025 8:31 PM IST
കറാച്ചി: ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക ചാന്പ്യൻസി ട്രോഫി സെമിഫൈനലിൽ കടന്നു. ഏഴ് വിക്കറ്റിന് ഇംഗ്ലണ്ടിനെ തകർത്ത ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ബിയിലെ ചാന്പ്യൻമാരായാണ് സെമിയിൽ കടന്നത്.
ഇംഗ്ലണ്ട് ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം 29.1 ഓവറിൽ ദക്ഷിണാഫ്രിക്ക മറികടന്നു. വാൻഡെർ ഡസന്റെയും ഹെൻറിച്ച് ക്ലാസന്റെയും മികവിലാണ് ദക്ഷിണാഫിക്ക ലക്ഷ്യം മറികടന്നത്. ഇരുവരും അർധ സെഞ്ചുറി നേടി. 72 റൺസെടുത്ത വാൻഡെർ ഡസൻ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ക്ലാസൻ 64 റൺസാണ് എടുത്തത്.
ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റ് എടുത്തു. ആദിൽ റഷീദ് ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 38.2 ഓവറിൽ 179 റൺസിൽ ഓൾ ഔട്ടാകുകയായിരുന്നു. 37 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ജോഫ്ര ആർച്ചർ 25 റൺസും ബെൻ ഡക്കറ്റ് 24 റൺസുമെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർകോ യാൻസനും വിയാൻ മുൾഡറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. കേശവ് മഹാജ് രണ്ട് വിക്കറ്റും ലുംഗി എൻഗിഡിയും കഗീസോ റഡാഡയും ഓരോ വിക്കറ്റ് വീതവും എടുത്തു.
വിജയത്തോടെ അഞ്ച് പോയിന്റായതോടെയാണ് ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ബിയെ ചാന്പ്യൻമാരായത്. ഗ്രൂപ്പ് ബിയിൽ നിന്ന് ഓസ്ട്രേലിയ നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു.