എറണാകുളത്ത് തെങ്ങു വെട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
Saturday, March 1, 2025 6:28 PM IST
കൊച്ചി: എറണാകുളം ചേരാനല്ലൂരിൽ തെങ്ങു വെട്ടുന്നതിനിടെ അബദ്ധത്തിൽ മെഷീൻ കഴുത്തിൽ കൊണ്ട് പരിക്കേറ്റയാൾ മരിച്ചു. കാക്കനാട് സ്വദേശി രവീന്ദ്രനാഥ് ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടയക്കുന്നത്ത് സ്വകാര്യ ഭൂമിയിലെ തെങ്ങ് മുറിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ് അപകടമുണ്ടായത്. റോബർട്ട് കോളനിയിലാണ് തെങ്ങ് വെട്ടുന്നതിനായി ഇയാൾ പോയത്. ഓല വെട്ടുന്നതിനിടയിൽ മെഷീൻ അബദ്ധത്തിൽ ഇയാളുടെ ശരീരത്തിൽ കൊള്ളുകയായിരുന്നു
രക്തം വാർന്ന് ഏറെ നേരെ ഇയാൾ തെങ്ങിന് മുകളിൽ തൂങ്ങിക്കിടക്കുകയായിരുന്നു. ഫയർഫോഴ്സെത്തിയെങ്കിലും സാധാരണ ഗോവണി ഉപയോഗിച്ച് കയറാൻ കഴിഞ്ഞില്ല. പിന്നീട് താൽക്കാലിക സംവിധാനം കെട്ടിപ്പൊക്കിയാണ് രവീന്ദ്രനാഥിനെ താഴെ എത്തിച്ചത്.
തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.