ലഹരിമാഫിയക്കെതിരെ സർക്കാർ ശക്തമായ നടപടിയെടുക്കണം: കെ.സുരേന്ദ്രൻ
Saturday, March 1, 2025 5:58 PM IST
തിരുവനന്തപുരം: സംസ്ഥാനം ലഹരിമാഫിയയുടെ പിടിയിലാണെന്നും ഇതിൽ നിന്നും മോചിപ്പിക്കാൻ സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. താമരശേരിയിൽ സ്കൂൾ വിദ്യാർഥി കൊല്ലപ്പെട്ട സംഭവം ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളുകൾ കേന്ദ്രീകരിച്ച് വലിയ തോതിലുള്ള ലഹരി വിപണനം നടക്കുന്നുണ്ടെന്നും പുറത്തു നിന്നുള്ള ശക്തികൾ കുട്ടികളെ ക്യാരിയേഴ്സാക്കി മാറ്റുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. സർക്കാരിന്റെ പിടിപ്പുകേടും അലംഭാവവുമാണ് സംസ്ഥാനത്ത് ലഹരിമാഫിയ പിടിമുറുക്കാൻ കാരണമായതെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.
"രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടലുകൾ ലഹരി വിതരണത്തിൽ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിന്റെ ഫണ്ടർമാരെ കണ്ടെത്തുകയും അവരുടെ വിദേശബന്ധത്തെ കുറിച്ച് അന്വേഷിക്കുകയും വേണം. ലഹരി ഉപയോഗത്തിന്റെ ഫലമായുണ്ടാകുന്ന കൊലപാതകങ്ങൾ കേരളത്തിൽ നിത്യസംഭവങ്ങളാവുകയാണ്.'-കെ.സുരേന്ദ്രൻ പറഞ്ഞു.