രഞ്ജി ട്രോഫി ഫൈനൽ: കേരളത്തിനെതിരെ വിദർഭ ശക്തമായ നിലയിൽ
Saturday, March 1, 2025 5:00 PM IST
നാഗ്പുർ: രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ വിദർഭ ശക്തമായി നിലയിൽ. നാലാം ദിവസത്തിലെ മത്സരം അവസാനിപ്പിക്കുന്പോൾ രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 249 എന്ന നിലയിലാണ് വിദർഭ. ഇരു ഇന്നിംഗ്സുകളിലായി വിദർഭയുടെ ലീഡ് 286 ആയി.
കരുൺ നായരും അക്ഷയ് വഡ്കറുമാണ് ക്രീസിൽ. കരുൺ നായർ 132 റൺസും വഡ്കർ നാല് റൺസും എടുത്തിട്ടുണ്ട്. കേരളത്തിനായി എം.ഡി.നിതീഷ്, ജലജ് സക്സേന, ആദിത്യ സർവതെ, അക്ഷയ് ചന്ദ്രൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
37 റൺസിന്റെ നിർണായക ലീഡുമായി രണ്ടാമിന്നിംഗ്സ് ആരംഭിച്ച വിദർഭയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഏഴു റൺസിനിടെ ഓപ്പണർമാർ ഇരുവരും പവലിയനിൽ തിരിച്ചെത്തി. രേഖഡെയെ ജലജ് സക്സേന ബൗൾഡാക്കിയപ്പോൾ ഷോറെയെ എം.ഡി. നിധീഷ് അസ്ഹറുദ്ദീന്റെ കൈകളിലെത്തിക്കുകയായിരുന്നു.
പിന്നാലെ ഒന്നാമിന്നിംഗ്സിന്റെ അതേ രീതിയിൽ ക്രീസിൽ ഒന്നിച്ച സെഞ്ചുറി വീരൻ ഡാനിഷ് മലെവാറും കരുൺ നായരും ചേർന്ന് സ്കോർ മുന്നോട്ടു കൊണ്ടുപോയി. ഇരുവരും ചേർന്ന് മൂന്നാംവിക്കറ്റിൽ പടുത്തുയർത്തിയ 182 റൺസിന്റെ മികച്ച കൂട്ടുകെട്ടാണ് വിദർഭയെ ശക്തമായ നിലയിലെത്തിച്ചത്.
സ്കോർ 189 റൺസിൽ നില്ക്കെ ഒന്നാമിന്നിംഗ്സ് മാതൃകയിൽ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന മലെവാറിനെ പുറത്താക്കി അക്ഷയ് ചന്ദ്രൻ കേരളത്തിന് ബ്രേക്ക്ത്രൂ സമ്മാനിച്ചു. തൊട്ടുപിന്നാലെ കരുൺ നായർ തന്റെ സെഞ്ചുറി പൂർത്തിയാക്കി. 280 പന്തിൽ പത്ത് ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടുന്നതാണ് കരുണിന്റെ ഇന്നിംഗ്സ്.
മലേവാറിനെ പിന്നാലെയെത്തിയ യഷ് റാത്തോഡ് ടീം സ്കോർ 238ൽ നിൽക്കെയാണ് മടങ്ങിയത്. 24 റൺസെടുത്താണ് റാത്തോഡ് പുറത്തായത്.