മർദനത്തിൽ ഷഹബാസിന്റെ തലയോട്ടി തകർന്നു; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
Saturday, March 1, 2025 3:29 PM IST
കോഴിക്കോട്: താമരശേരിയിൽ ക്രൂരമർദനമേറ്റ ഷഹബാസിന്റെ തലയോട്ടി തകർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയ്ക്ക് പിന്നിലേറ്റ അതിശക്തമായ അടിയാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
കട്ടിയേറിയ ആയുധം ഉപയോഗിച്ചായിരുന്നു മര്‍ദനം. ഷഹബാസിന്റെ വലതു ചെവിയുടെ മുകളിലായി തലയോട്ടി തകർന്നു, നെഞ്ചിനേറ്റ മർദ്ദനത്തിൽ അന്തരിക രക്തസ്രാവം ഉണ്ടായി, ചെവിയുടെ പിന്നിലും, കണ്ണിലും മർദ്ദനമേറ്റതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
അതേസമയം സംഭവത്തിൽ കുറ്റാരോപിതരായ അഞ്ച് വിദ്യാർഥികൾക്കെതിരേ പോലീസ് കൊലക്കുറ്റം ചുമത്തി. ഇവരെ വെളിമാടുകുന്നിലെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റും. ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന്റേതാണ് തീരുമാനം.
കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് ബോര്‍ഡിന്റെ നടപടി. രാവിലെ 11ഓടെയാണ് ഇവരെ രക്ഷിതാക്കള്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്നിൽ ഹാജരാക്കിയത്. രക്ഷിതാക്കളുടെ അഭ്യര്‍ഥനപ്രകാരം ഇവര്‍ക്ക് പരീക്ഷയെഴുതാന്‍ അവസരമൊരുക്കും.