ചാമ്പ്യൻസ് ട്രോഫി: ഓസീസിന് തിരിച്ചടി; മാറ്റ് ഷോർട്ടിന് സെമി നഷ്ടമാകും
Saturday, March 1, 2025 1:34 PM IST
ലാഹോർ: ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിനൊരുങ്ങുന്ന ഓസ്ട്രേലിയൻ ടീമിന് കനത്ത തിരിച്ചടി. ഓപ്പണിംഗ് ബാറ്റർ മാറ്റ് ഷോർട്ട് പരിക്കിനെ തുടർന്ന് സെമി ഫൈനൽ കളിക്കില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബാറ്റ് ചെയ്യുന്നതിനിടെയിൽ ഓടി റൺസെടുക്കാൻ ഷോർട്ട് ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. 15 പന്തിൽ 20 റൺസുമായി ഷോർട്ടിന്റെ ഇന്നിംഗ്സ് വേഗത്തിൽ അവസാനിക്കുകയും ചെയ്തു.
മത്സരശേഷം ഓസീസ് നായകന് സ്റ്റീവ് സ്മിത്താണ് ഷോര്‍ട്ടിന് പരിക്കാണെന്നും അടുത്ത മത്സരത്തില്‍ കളിക്കില്ലെന്നും അറിയിച്ചത്. ബാറ്റ് ചെയ്യുന്നതിനായി ഷോർട്ട് ബുദ്ധിമുട്ടുന്നുണ്ടായിരുന്നുവെന്നും പരിക്കിൽ നിന്ന് മുക്തനാകാൻ കുറച്ച് ദിവസമെടുക്കുമെന്നും സ്മിത്ത് വ്യക്തമാക്കി.
ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ 66 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സറും സഹിതം ഷോർട്ട് 63 റൺസെടുത്തിരുന്നു. ഷോർട്ടിന്റെ അഭാവത്തിൽ ജെയ്ക് ഫ്രെയ്സർ മക്ഗർക് കളിക്കാനാണ് സാധ്യത.