ഷഹബാസിന്റെ മരണം; കുറ്റാരോപിതരെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റും
Saturday, March 1, 2025 12:51 PM IST
കോഴിക്കോട്: താമരശേരിയിലെ പത്താം ക്ലാസുകാരന് ഷഹബാസിന്റെ മരണത്തില്‍ കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികളെ വെളിമാടുകുന്നിലെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റും. ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന്റേതാണ് തീരുമാനം.
കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് ബോര്‍ഡിന്റെ നടപടി. രാവിലെ 11ഓടെയാണ് ഇവരെ രക്ഷിതാക്കള്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്നിൽ ഹാജരാക്കിയത്. രക്ഷിതാക്കളുടെ അഭ്യര്‍ഥനപ്രകാരം ഇവര്‍ക്ക് പരീക്ഷയെഴുതാന്‍ അവസരമൊരുക്കും.
കുറ്റാരോപിതരായ വിദ്യാർഥികൾക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് വിദ്യാർഥികൾ മർദിച്ചിട്ടുണ്ടാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ ഞായറാഴ്ച ട്യൂഷൻ സെന്ററിലെ യാത്രയയപ്പിനിടെ ഉണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയായി വ്യാഴാഴ്ച വൈകുന്നേരം താമരശേരി ടൗണിൽ വിദ്യാർഥികൾ ഏറ്റുമുട്ടുകയായിരുന്നു.
എംജെ ഹയർ സെക്കണ്ടറി സ്കൂൾ കുട്ടികൾ ഡാൻസ് കളിക്കുമ്പോൾ താമരശേരി ഹയർ സെക്കണ്ടറിസ്കൂളിലെ ഏതാനും വിദ്യാർഥികൾ കൂകിയതാണു പ്രശ്നങ്ങൾക്ക് തുടക്കം. ഇതിനു പകരം വീട്ടാൻ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി കൂടുതൽ കുട്ടികളെ വിളിച്ചു വരുത്തിയാണ് ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയതെന്ന് പോലീസ് പറഞ്ഞു.