ബസിനുള്ളിൽ യുവതിയെ പീഡിപ്പിച്ച സംഭവം; പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു
Saturday, March 1, 2025 1:02 AM IST
മുംബൈ: മഹാരാഷ്ട്രയിൽ ആളൊഴിഞ്ഞ ബസിനുള്ളിൽ വച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ പ്രതി ദത്താത്രയ് രാംദാസ് ഗഡെയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മാർച്ച് 12വരെയാണ് ഇയാളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്.
പൂനെയിലെ ഷിരൂർ തഹസിലെ വയലിൽ നിന്നുമാണ് പൂനെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കനത്ത പോലീസ് സുരക്ഷയിൽ ഇയാളെ പൂനെ സെഷൻസ് കോടതിയിൽ ഹാജരാക്കി.
പോലീസ് കോടതിയിൽ റിമാൻഡ് അപേക്ഷ സമർപ്പിക്കുകയും ഗേഡിനെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
നഗരത്തിലെ സ്വാര്‍ഗേറ്റ് ബസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ബസില്‍ വച്ചാണ് 26കാരിയായ യുവതി പീഡനത്തിനിരയായത്. ചൊവ്വാഴ്ച പുലര്‍ച്ചെ 5.45-ന് എംഎസ്ആര്‍ടിസിയുടെ ശിവ്ഷാഹി എസി ബസിലാണ് സംഭവം.
നിരവധി കേസുകളില്‍ പ്രതിയായ ദത്താത്രേയ ഗഡെ (36)യെ പിടികൂടാൻ പോലീസ് എട്ട് അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. വീട്ടുജോലിക്കാരിയായ യുവതി സത്താറയിലേക്ക് പോകാന്‍ ബസ് കാത്ത് നില്ക്കുമ്പോള് പ്രതി സഹായിക്കാനെന്ന വ്യാജേന സമീപിച്ച് ബസില്‍ കയറ്റുകയായിരുന്നു. ബസില്‍ ആരും ഉണ്ടായിരുന്നില്ല. വാതിലുകള്‍ അടച്ചശേഷം ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിനുശേഷം മറ്റൊരു ബസില്‍ കയറിയ യുവതി സുഹൃത്തിനോട് വിവരം പറഞ്ഞു. തുടര്‍ന്ന് സുഹൃത്തിന്റെ നിർദേശപ്രകാരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മോഷണം, പിടിച്ചുപറി, മാലപൊട്ടിക്കല്‍ കേസുകളില്‍ പ്രതിയാണ് ദത്താത്രേയ. പുനെയിലും സമീപ ജില്ലകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് ദത്താത്രേയയാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്ന് തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.