മൂന്നാം ലോകമഹായുദ്ധത്തിന് ശ്രമിക്കുകയാണോയെന്ന് ട്രംപ്; സെലൻസ്കിയുമായി രൂക്ഷ വാക്കേറ്റം
Saturday, March 1, 2025 12:19 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ വാക്കേറ്റം. അന്താരാഷ്ട്ര മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ഓവൽ ഓഫീസിൽ വച്ചു നടന്ന കൂടിക്കാഴ്ച ആരംഭിച്ചപ്പോൾ തന്നെ ഇരുനേതാക്കളും തമ്മിൽ വാക്ക്പോരുണ്ടായി.
മൂന്നാം ലോകമഹായുദ്ധത്തിന് ശ്രമിക്കുകയാണോയെന്ന് സെലൻസ്കിയോട് ചോദിച്ച ട്രംപ്, നന്ദി വേണമെന്നും പറഞ്ഞു. നിങ്ങൾ വലിയ കുഴപ്പത്തിലാണെന്നും ഇതിൽ വിജയിക്കില്ലെന്നും സെലൻസ്കിയോടു പറഞ്ഞു.
ഞങ്ങൾ ഞങ്ങളുടെ സ്വന്തം രാജ്യത്താണുള്ളതെന്ന് സെലൻസ്കി ട്രംപിന് മറുപടി നൽകി. ഇക്കാലമത്രയും ഞങ്ങൾ ശക്തമായി നിലകൊണ്ടു. നിങ്ങളുടെ പിന്തുണയ്ക്ക് ഞങ്ങൾ നന്ദി പറഞ്ഞിട്ടുണ്ടെന്നും സെലൻസ്കി വ്യക്തമാക്കി.
"നിങ്ങൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ കൊണ്ടാണ് ചൂതാട്ടം നടത്തുന്നത്. മൂന്നാം ലോകമഹായുദ്ധവുമായി നിങ്ങൾ ചൂതാട്ടം നടത്തുകയാണ്, നിങ്ങൾ ചെയ്യുന്നത് ഈ രാജ്യത്തോടുള്ള അനാദരവാണ്. ഈ രീതിയിൽ പെരുമാറുന്നത് കാര്യങ്ങൾ വളരെ ബുദ്ധിമുട്ടാക്കുമെന്ന് ഞാൻ കരുതുന്നുവെന്നും' ഡോണൾഡ് ട്രംപ് പറഞ്ഞു.
തുടർന്ന് വിഷയത്തിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇടപെട്ടു. വാൻസ് സംസാരിച്ചുകൊണ്ടിരിക്കെ ഉച്ചത്തിൽ സംസാരിക്കരുതെന്ന് വാൻസിനോട് സെലൻസ്കി ആവശ്യപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്രം ആവശ്യമാണെന്ന് പറഞ്ഞ വാൻസിനോട് എന്ത് തരത്തിലുള്ള നയതന്ത്രമാണെന്ന് സെലൻസ്കി തിരിച്ചുചോദിച്ചു. ഇതോടെ പ്രസിഡന്റിന്റെ ഓഫീസിനോട് സെലൻസ്കി അനാദരവ് കാണിച്ചുവെന്ന് വാൻസ് കുറ്റപ്പെടുത്തി.
പിന്നാലെ വൈസ് പ്രസിഡന്റിനെ പ്രതിരോധിച്ചുകൊണ്ട് തർക്കത്തിൽ ഇടപെട്ട ഡൊണാൾഡ് ട്രംപ്, സെലെൻസ്കിയെ വീണ്ടും വിമർശിച്ചു. ഞങ്ങൾ നിങ്ങൾക്ക് 350 ബില്യൺ ഡോളർ നൽകി. ഞങ്ങൾ നിങ്ങൾക്ക് സൈനിക ഉപകരണങ്ങൾ നൽകി. ധാരാളം പിന്തുണയും നൽകി. ഞങ്ങളുടെ സൈനിക ഉപകരണങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഈ യുദ്ധം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.
ഇതിനു മറുപടിയായി, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ അതേവാക്കുകളാണ് ട്രംപ് പറയുന്നതെന്ന് സെലൻസ്കി പറഞ്ഞു. "അതെ-അതെ, യുദ്ധം രണ്ട് ദിവസം നീണ്ടുനിൽക്കുമായിരുന്നില്ല, പുടിനിൽ നിന്നും ഞാനും അത് കേട്ടു' എന്ന് സെലൻസ്കി പറഞ്ഞു.