ഓസ്ട്രേലിയ-അഫ്ഗാനിസ്ഥാൻ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു; ഓസ്ട്രേലിയ സെമിയിൽ
Friday, February 28, 2025 9:50 PM IST
ലാഹോർ: ചാന്പ്യൻസ് ട്രോഫിയിലെ ഓസ്ട്രേലിയ-അഫ്ഗാനിസ്ഥാൻ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. ഇതോടെ ഓസ്ട്രേലിയ സെമിയിൽ കടന്നു. അഫ്ഗാനിസ്ഥാന്റെ സെമി സാധ്യത മങ്ങി.
അഫ്ഗാനിസ്ഥാൻ ഉയർത്തിയ 274 റൺസ് ഓസ്ട്രേലിയ പിന്തുടരുന്നതിനിടെയാണ് മഴ എത്തിയത്. ഓവർ കുറച്ച് മത്സരം നടത്താൻ ശ്രമിച്ചെങ്കിലും മഴ ശമിച്ചില്ല. തുടർന്നാണ് മഴ ഉപേക്ഷിച്ചത്.
മഴ എത്തുന്പോൾ 12.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 109 റൺസെന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. 59 റൺസുമായി ട്രാവിസ് ഹെഡും 19 റൺസുമായി സ്റ്റീവ് സ്മിത്തും ആയിരുന്നു ക്രീസിൽ. 20 റൺസെടുത്ത മാറ്റ് ഷോർട്ടാണ് പുറത്തായത്.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 273 റൺസിൽ ഓൾ ഔട്ടായിരുന്നു. 85 റൺസെടുത്ത സെദിക്വല്ല അടലിന്റെ 67 റൺസെടുത്ത അസമത്തുള്ള ഒമർസായിയുടേയും മികവിലാണ് അഫ്ഗാനിസ്ഥാൻ 273 റൺസെടുത്തത്.
ഓസ്ടേലിയയ്ക്കായി ബെൻ ഡ്വാർഷ്യസ് മൂന്നും ആദം സാംപയും സ്പെൻസർ ജോൺസണും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഗ്രൂപ്പ് ബിയിൽ ആദ്യം സെമിയിലെത്തുന്ന ടീമായി ഓസ്ട്രേലിയ. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഓസ്ട്രേലിയ തുടങ്ങിയത്. എന്നാൽ ദക്ഷിണാഫ്രിക്കയുമായുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.
ഇതോടെ ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയയ്ക്ക് നാല് പോയിന്റായി. ദക്ഷിണാഫ്രിക്കയ്ക്കും അഫ്ഗാനിസ്ഥാനും മൂന്ന് പോയിന്റും ആയി. ഇതോടെ ദക്ഷിണാഫിക്ക-ഇംഗ്ലണ്ട് മത്സരം നിർണായകമായി.