കാരണവർ വധക്കേസ് പ്രതി ഷെറിൻ മർദിച്ച തടവുകാരിയെ ജയിൽ മാറ്റി
Friday, February 28, 2025 5:27 PM IST
കണ്ണൂർ: കാരണവർ വധക്കേസ് പ്രതി ഷെറിന്റെ മർദനത്തനിരയായ തടവുകാരിയെ ജയിൽ മാറ്റി. കണ്ണൂർ വനിതാ ജയിലിൽ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് വിദേശിയായ കെയ്ൻ ജൂലിയെ മാറ്റിയത്.
നൈജീരിയക്കാരിയായ സഹതടവുകാരിയെ അക്രമിച്ചതിനു ഷെറിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. കണ്ണൂർ വനിതാ ജയിലിലെ തടവുകാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7. 45നായിരുന്നു കേസിനാധാരമായ സംഭവം.
കുടിവെള്ളം എടുക്കാൻ പോയ കെയ്ൻ ജൂലിയെ ഷെറിനും മറ്റൊരു തടവുകാരിയും ചേർന്ന് തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു എന്നാണ് പരാതി. മർദനമേറ്റ കെയ്ൻ ജൂലി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.